ഇന്ത്യന്‍ കുഞ്ഞുങ്ങളെ കൊല്ലുന്നത് പീഡനം!

Webdunia
വെള്ളി, 7 ജനുവരി 2011 (11:11 IST)
PRO
കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇന്ത്യയില്‍ 18 ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ മരിക്കാനിടയായത് അമ്മമാര്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഡനത്തിന്റെ അനന്തരഫലമാണെന്ന് കണ്ടെത്തല്‍. ആദ്യമായാണ് ശിശുമരണവും ഗാര്‍ഹിക പീഡനവും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പഠനം നടന്നിരിക്കുന്നത്.

1985 - 2005 കാലഘട്ടത്തില്‍ ഉണ്ടായ 1.58 ലക്ഷം ശിശുജനനത്തെ കുറിച്ച് പഠിച്ച ഗവേഷക സംഘം അമ്മമാരെ ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നത് പെണ്‍കുഞ്ഞുങ്ങളുടെ മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് വിലയിരുത്തി. എന്നാല്‍, ഇത് ആണ്‍കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമാവുന്നില്ല എന്നും ഗവേഷക സംഘം കണ്ടെത്തി.

ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന അമ്മമാരുടെ പെണ്‍കുഞ്ഞുങ്ങളുടെ ജീവിതം ആദ്യ അഞ്ച് വര്‍ഷക്കാലം അപകടത്തിലാണെന്നും ഗവേഷക സംഘം പറയുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തത് കാരണം അമ്മയ്ക്ക് നേരെയുള്ള പീഡനം വര്‍ദ്ധിക്കാന്‍ ഇടയാവുന്നു.

പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കാനും കുടുംബാംഗങ്ങള്‍ മടിക്കുന്നു. പോഷകാഹാരക്കുറവും പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കാത്തത് കാരണവും വയറിളക്കവും ശ്വസന പ്രശ്നങ്ങളും ബാധിച്ച് ആദ്യ അഞ്ച് വഷത്തിനുള്ളില്‍ കുട്ടികള്‍ മരിക്കാനിടയാവുന്നു എന്നും ഗവേഷകര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഹവാര്‍ഡ് സര്‍വകലാശാല, ബോസ്റ്റണ്‍ സര്‍വകലാശാല, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ഹെല്‍ത്ത് എന്നിവിടങ്ങളിലെ വിദഗ്ധരാണ് പഠനം നടത്തിയത്.