ഇന്ത്യന്‍ അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് സേന നുഴഞ്ഞുകയറ്റം നടത്തിയതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞയാഴ്ച നുഴഞ്ഞുകയറിയ 200 ഓളം വരുന്ന ചൈനീസ് സേനാംഗങ്ങള്‍ ഏതാനും ദിവസം ഇവിടെ താമസിച്ചു. കിഴക്കന്‍ അരുണാചല്‍ പ്രദേശിലെ ചഗ്ലഗം മേഖലയിലാണ് നുഴഞ്ഞുകയറിയത്.
ഓഗസ്റ്റ് 13ന് മേഖലയില്‍ കടന്നുകയറിയ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അംഗങ്ങള്‍ നാലു ദിവസത്തോളം ക്യാമ്പ് ചെയ്തുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ചൈനീസ് സേന കടന്നുകയറിയ ശേഷം പിന്‍വാങ്ങിയെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിശദീകരണം.
നുഴഞ്ഞു കയറിയ വിവരം അറിഞ്ഞ് ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഇവിടെ സുരക്ഷ ശക്തമാക്കുകയും ഇതോടെ അവര്‍ പിന്‍വാങ്ങുകയുമായിരുന്നുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഇപ്പോള്‍ കരസേനയ്ക്കാണ് ഇവിടെ സുരക്ഷാചുമതല.