ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ല: എകെ ആന്റണി

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (15:00 IST)
PTI
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. ഇന്ത്യയിലേക്ക് ചൈനീസ് ഭടന്‍‌മാര്‍ കടന്നുകയറി എന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക് സഭയില്‍ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചത്. ലഡാക്കില്‍ 600 ചതുരശ്ര കിലോമീറ്ററിലേറെ ചൈനീസ് കടന്നുകയറ്റമുണ്ടായെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആന്റണി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

മോശം കാലാവസ്ഥ മൂലം ഒരു ഭാഗം ഒറ്റപ്പെട്ടുപോയെന്നല്ലാതെ ഇന്ത്യന്‍ മണ്ണ് ചൈനയ്ക്ക് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ കടന്നുകയറ്റമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേശ ബോര്‍ഡ് ചെയര്‍മാന്‍ ശ്യാംസരണിനെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആന്റണി പ്രസ്താവന നടത്തിയത്.

അതിര്‍ത്തി പ്രദേശത്ത് ചൈനീസ് ഭടന്‍‌മാര്‍ അടുത്തിടയായി നിരവധി തവണയാണ് കടന്നുകയറ്റം നടത്തിയിട്ടുള്ളത്. ചൈനീസ് ഭടന്‍‌മാര്‍ കടന്നുകയറ്റം നടത്തുന്നതിനൊപ്പം വെടിവെച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിര്‍ത്തി പ്രദേശത്ത് ഇന്ത്യ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ഹിമാലയ മേഖലയില്‍ 4000 കിലോമീറ്ററോളം വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പലപ്പോഴും കടന്നുകയറ്റം ഉണ്ടാവാറുള്ളതാണ്‌. 1962ലെ ചൈനീസ്‌ ആക്രമണകാലത്ത്‌ ദൗലത്‌ ബേഗില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇറങ്ങാന്‍ സൗകര്യം ഉണ്ടാക്കിയിരുന്നു. ലോകത്ത്‌ ഏറ്റവും ഉയരത്തിലുള്ള (16,700 അടി) ഹെലിപാഡുകളില്‍ ഒന്നാണിത്‌. 2008ല്‍ ഇതു വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി. ഇതിനടുത്താണ്‌ ഇപ്പോള്‍ കടന്നുകയറ്റം രൂക്ഷമായി നടന്നുവരുന്നത്‌.