അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ മറുപടി നല്‍കാതെ പാകിസ്ഥാനുമായി ഇനി ചര്‍ച്ചയില്ലെന്ന് ഇന്ത്യ. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഇനിയും വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ഉഭയകക്ഷി ബന്ധത്തില്‍ അതിന്‍റെ പ്രത്യാഘാതമുണ്ടാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി. സ്വന്തം മണ്ണ് ഇന്ത്യയ്ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നത് പാകിസ്ഥാന്‍ നിര്‍ത്തണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പുതിയ തുടക്കം വേണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നു എങ്കിലും, ആദ്യം ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടി പറയുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടതെന്ന് ഇന്ത്യ വ്യക്തമാക്കി.
നിയന്ത്രണ രേഖയില്‍ സമാധാനം പുലരാനുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്‍റണി കരസേനക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം രണ്ട് തവണ വെടിയുതിര്‍ത്തു. ഈ സാഹചര്യത്തിലാണ് ആന്‍റണിയുടെ നിര്‍ദ്ദേശം. ഇതോടെ സൈന്യം യുദ്ധസജ്ജമായി.