അശ്ലീലം: പ്രതിപക്ഷവും ഭരണപക്ഷവും സമം!

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2012 (10:10 IST)
PRO
PRO
സഭയില്‍ ഇരുന്ന് നീലച്ചിത്രം, ആസ്വദിച്ച കേസില്‍ ബിജെപി അംഗങ്ങള്‍ മാത്രമല്ല കുറ്റക്കാര്‍ എന്ന് വെളിപ്പെടുത്തല്‍. കര്‍ണാടക നിയമസഭയിലെ 18 അംഗങ്ങള്‍ സഭാനടപടികള്‍ നടക്കെ നീലച്ചിത്രം ആസ്വദിച്ചു എന്നാണ് സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന നിയമസഭാ സമിതി അംഗവും ബിജെപി എംഎല്‍എയുമായ നെഹ്‌റു ഒലേക്കറാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

നിയമസഭയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത് എന്നാണ് നെഹ്‌റു ഒലേക്കര്‍ പറയുന്നത്. എന്നാല്‍ മറ്റ് പാര്‍ട്ടികളെ അശ്ലീല വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ബിജെപിയുടെ ഹീനമായ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

നീലച്ചിത്ര വിവാദത്തി പെട്ട് സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സി സി പാട്ടീല്‍, പരിസ്ഥിതി മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവരാണ് രാജിവച്ചത്. കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ ഇരുന്ന് മന്ത്രിമാര്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണുന്ന രംഗങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ ആണ് പുറത്തുവിട്ടത്.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സഭയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രിമാര്‍ അശ്ലീല രംഗങ്ങള്‍ കണ്ടുകൊണ്ടിരുന്നത്. സഭയിലെ ജീവനക്കാരന്‍ അടുത്തേക്ക് വന്നപ്പോള്‍ ലക്ഷ്മണ്‍ സാവദി മൊബൈല്‍ ഫോണ്‍ മുണ്ടിനടിയിലേക്ക് ഒളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.