സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കൊലപാതക കുറ്റം ആരോപിക്കപ്പെട്ട ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷാ രാജിവച്ചു. രാജി മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും മോഡി പറഞ്ഞു. ഷാ തന്റെ വസതിയിലേക്ക് രാജിക്കത്ത് അയയ്ക്കുകയായിരുന്നു എന്നും രാജി സ്വീകരിച്ചു എന്നും മോഡി ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍ പറഞ്ഞു. ഗുജറാത്തിലേക്ക് മടങ്ങിയ ശേഷമായിരിക്കും ഭാവി നടപടികള്‍ സ്വീകരിക്കുക എന്നും മോഡി വ്യക്തമാക്കി.
ഷാ നിയമയുദ്ധം നടത്തുമെന്നും നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമാണുള്ളത് എന്നും മോഡി പറഞ്ഞു. കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുടെ ഭാഗമാണ് കേസ്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം എന്നും മോഡി കുറ്റപ്പെടുത്തി.
സൊഹ്‌റാബുദ്ദീന്‍ കേസില്‍ ഷായ്ക്ക് എതിരെ കഴിഞ്ഞ ദിവസമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഷായുടെ മേല്‍ ചുമത്തിയിരിക്കുന്നത്. സൊഹ്‌റാബുദ്ദീനെ വധിക്കാനായി ഏഴ് മാര്‍ബിള്‍ വ്യാപാരികളില്‍ നിന്ന് ഷാ അഞ്ച് കോടി രൂപ വാങ്ങി എന്നും സിബിഐയുടെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു.