അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: സോണിയാ ഗാന്ധി മറുപടി പറയേണ്ടത് അതിവൈകാരികതയിലൂടെയല്ലെന്ന് ബൃന്ദ കാരാട്ട്

Webdunia
ചൊവ്വ, 10 മെയ് 2016 (15:56 IST)
രാഷ്ട്രീയപരമായി ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ക്ക് രാഷ്ട്രീയമായി തന്നെ ഉത്തരം നല്‍കണമെന്നും  ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് അതിവൈകാരികതയിലൂടെ അല്ലെന്നും സോണിയ ഗാന്ധിക്ക് സി പി എം പിബി അംഗം ബൃന്ദ കാരാട്ടിന്റെ മുന്നറിയിപ്പ്. അതിവൈകാരികത ഒന്നിനും ഉള്ള മറപടിയല്ലെന്നും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സോണിയ ഗാന്ധി വ്യക്തമായ മറുപടി നല്‍കണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.
 
കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇന്ത്യയില്‍ ജനിച്ചില്ലെന്ന കാരണത്താല്‍ ആര്‍എസ്എസും ബിജെപിയും തന്നെ വേട്ടയാടുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞിരുന്നു. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
 
രാജ്യത്തിനാകെ കളങ്കം ഉണ്ടാക്കുന്ന ഒന്നാണ് പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം. കേസിലെ പ്രതികളെ കണ്ടെത്താനാകാത്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. കുറ്റകരമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കേസില്‍  അനാസ്ഥ കാണിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article