അക്കൌണ്ടന്റിനെ കൂട്ട ബലാത്സംഗം ചെയ്തു

Webdunia
തിങ്കള്‍, 7 ഫെബ്രുവരി 2011 (10:35 IST)
WD
കൂട്ടുകാരനൊപ്പം വഴിയരുകില്‍ ഇരുന്ന് സംസാരിക്കുകയായിരുന്ന ഒരു വനിതാ അക്കൌണ്ടന്റിനെ അഞ്ചംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. യുപിയിലെ ഗാസിയാബാദിലെ സിജിഒ കോം‌പ്ലക്സിനു സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

നോയിഡയില്‍ നിന്ന് കൂട്ടുകാരനായ എഞ്ചിനിയര്‍ക്കൊപ്പം ഗാസിയാബാദിലെത്തിയതായിരുന്നു ഇരുപത്തിയൊന്നുകാരിയായ യുവതി. രാത്രി ഒമ്പതരയോടെ യുവാവിന്റെ താമസസ്ഥലമായ സിജി‌ഒ കോം‌പ്ലക്സിനു മുന്നില്‍ എത്തിയ ഇരുവരും റോഡരുകില്‍ ഇരുന്ന് സംസാരിക്കുമ്പോഴാണ് അടുത്ത ഗ്രാമത്തില്‍ നിന്നുള്ള അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിനിരയായത്.

അക്രമി സംഘം യുവാവിനെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. അക്രമി സംഘം യുവാവിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്തു.

തങ്ങളെ വളഞ്ഞ അക്രമി സംഘം യുവതിയെ പിടികൂടിയപ്പോള്‍ തന്നെ പോകാന്‍ അനുവദിക്കാന്‍ യാചിച്ചുകൊണ്ട് അവര്‍ ഉറക്കെ കരഞ്ഞു. എന്നാല്‍, അവരുടെ കരച്ചിലിന്റെ ശക്തി കൂടുന്നത് അനുസരിച്ച് അക്രമി സംഘം യുവാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. യുവതിയെ നോയിഡയില്‍ ആക്കിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, പീഡനത്തിരയായ യുവതി ഭീതി മൂലം പരാതി നല്‍കാന്‍ മടിക്കുകയാണ്.