ത്രില്ലര്‍ സിനിമകളില്‍ മമ്മൂട്ടി എന്നും തിളങ്ങാറുണ്ട്. അത്തരത്തില്‍ മമ്മൂട്ടി ഉജ്ജ്വലമാക്കിയ ഒരു ചിത്രമായിരുന്നു 1989ല്‍ പുറത്തിറങ്ങിയ 'ചരിത്രം'. ഈ സിനിമ സംവിധാനം ചെയ്തത് ജി എസ് വിജയനായിരുന്നു. തിരക്കഥ എസ് എന്‍ സ്വാമി.
ചരിത്രത്തില്‍ ഫിലിപ്പ് മണവാളന്‍ എന്ന ഫിനാന്‍സിംഗ് കമ്പനി ഉടമയായാണ് മമ്മൂട്ടി അഭിനയിച്ചത്. ഫിലിപ്പിന്‍റെ അനുജന്‍ രാജു(റഹ്മാന്‍)വിന്‍റെ മരണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായിരുന്നു ആ സിനിമയുടെ പ്രമേയം. ശോഭനയായിരുന്നു നായിക. റഹ്മാന്‍റെ കഥാപാത്രം ഉണര്‍ത്തുന്ന ക്യൂരിയോസിറ്റിയായിരുന്നു ചിത്രത്തിന്‍റെ ആകര്‍ഷണഘടകം. മമ്മൂട്ടി ഒരേസമയം നായകനും വില്ലനുമായി എന്നത് വലിയ പ്രത്യേകതയും.
എം ജി രാധാകൃഷ്ണനും രാജാമണിയും ചേര്‍ന്നാണ് ചരിത്രത്തിന് സംഗീതം നിര്‍വഹിച്ചത്. ജി എസ് വിജയന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചരിത്രം.
1958ല്‍ പുറത്തിറങ്ങിയ ‘ചേസ് എ ക്രൂക്കഡ് ഷാഡോ’യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് എസ് എന്‍ സ്വാമി 'ചരിത്രം' രചിച്ചത്. ഒരു ബ്രിട്ടീഷ് ത്രില്ലര്‍ സിനിമയാണ് ‘ചേസ് എ ക്രൂക്കഡ് ഷാഡോ’. മൈക്കല്‍ ആന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിച്ചാര്‍ഡ് ടോഡും ആനി ബാക്സ്‌റ്ററും ഹെര്‍ബര്‍ട്ട് ലോമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മികച്ച കഥയും സസ്പെന്‍സും ഉണ്ടായിരുന്ന ചേസ് എ ക്രൂക്കഡ് ഷാഡോയ്ക്ക് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച നിരൂപണത്തില്‍ ചിത്രത്തെ വലിയതോതില്‍ വിമര്‍ശിക്കുന്നുമുണ്ട്. വളരെ സങ്കീര്‍ണമായ പ്ലോട്ടാണ് സിനിമയ്ക്കെന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നും ഈ സിനിമയില്‍ ഇല്ലെന്നും ആ റിവ്യൂവില്‍ പറയുന്നു. എന്നാല്‍ ചിലര്‍ ഈ സിനിമയെ, ഒരു ഹിച്‌കോക്ക് ചിത്രം പോലെ അനുഭവപ്പെട്ടതായി വിലയിരുത്തിയിട്ടുണ്ട്.
‘ചരിത്രം’ എന്ന സിനിമയില്‍ ‘ചേസ് എ ക്രൂക്കഡ് ഷാഡോ’ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പക്ഷേ അത് ഒരു ഹിച്‌കോക്ക് സിനിമ എന്ന തെറ്റായ ഇന്‍ഫര്‍മേഷനാണ് നല്‍കുന്നതെന്ന് മാത്രം. വളരെ മികച്ച സിനിമയായിട്ടും ചരിത്രം ബോക്സോഫീസില്‍ ശരാശരി പ്രകടനം മാത്രമായിരുന്നു കാഴ്ചവച്ചത്. ഈ സിനിമയുടെ പ്ലോട്ട് ബംഗാളി, ഹിന്ദി, തമിഴ് ഭാഷകളിലും ആവര്‍ത്തിച്ചിട്ടുണ്ട്. തമിഴില്‍ 1964ല്‍ പുറത്തിറങ്ങിയ ‘പുതിയ പറവൈ’ ഈ കഥ തന്നെയാണ് പറഞ്ഞത്.