പത്‌മരാജന്‍ പറഞ്ഞു - “കൂടെവിടെയില്‍ മമ്മൂട്ടി വേണ്ട”, നിര്‍മ്മാതാവ് സമ്മതിച്ചില്ല!

Webdunia
ചൊവ്വ, 2 ഏപ്രില്‍ 2019 (19:06 IST)
പത്‌മരാജന്‍റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് “കൂടെവിടെ?”. ആ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ക്യാപ്ടന്‍ തോമസും റഹ്‌മാന്‍ അവതരിപ്പിച്ച രവി പുത്തൂരാനും ഇന്നും പ്രേക്ഷകരുടെ മനസില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ ക്യാപ്‌ടന്‍ തോമസ് ആയി മമ്മൂട്ടി എത്തിയത് പത്മരാജന്‍റെ എതിര്‍പ്പിനെ അവഗണിച്ചാണെന്നതാണ് യാഥാര്‍ത്ഥ്യം.
 
യഥാര്‍ത്ഥത്തില്‍ ഈ കഥാപാത്രമായി പത്മരാജന്‍ മനസില്‍ കണ്ടിരുന്നത് നടന്‍ രാമചന്ദ്രനെയായിരുന്നു. ഒരു പട്ടാളക്കാരന്‍റെ ശരീരസൌന്ദര്യമായിരുന്നു രാമചന്ദ്രനുണ്ടായിരുന്നത്. മാത്രമല്ല, പത്മരാജന്‍റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായിരുന്നു രാമചന്ദ്രന്‍.
 
എന്നാല്‍ ക്യാപ്‌ടന്‍ തോമസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി തന്നെ അവതരിപ്പിക്കണമെന്ന് നിര്‍മ്മാതാവ് പ്രേംപ്രകാശ് വാശിപിടിച്ചു. പ്രേംപ്രകാശിന്‍റെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് ക്യാപ്‌ടന്‍ തോമസായി മമ്മൂട്ടിയെ പത്മരാജന്‍ അവതരിപ്പിക്കുന്നത്.
 
പടം വലിയ ഹിറ്റായി. കൂടെവിടെ ഇന്നും ഓര്‍മ്മിക്കപ്പെടുന്നതിന് ഒരു കാരണം ക്യാപ്‌ടന്‍ തോമസായി മമ്മൂട്ടി നടത്തിയ അസാധാരണ പ്രകടനമാണ്. വാസന്തിയുടെ തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജന്‍ കൂടെവിടെ ഒരുക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article