ലൂസിഫര്‍ 2 ഉടനില്ല; പൃഥ്വിയും മുരളി ഗോപിയും ഉടന്‍ മമ്മൂട്ടിയെ കാണും !

ചൊവ്വ, 2 ഏപ്രില്‍ 2019 (15:24 IST)
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറുകയാണ് മോഹന്‍ലാലിന്‍റെ ലൂസിഫര്‍. വെറും അഞ്ച് ദിവസം കൊണ്ട് 60 കോടി കളക്ഷന്‍ നേടിയാണ് ഈ ബ്രഹ്മാണ്ഡചിത്രം കുതിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ ഉടന്‍ തന്നെ 100 കോടി ക്ലബിലെത്തും.
 
ലൂസിഫറിന്‍റെ സീക്വലോ പ്രീക്വലോ ഉടന്‍ ചെയ്യണമെന്ന സമ്മര്‍ദ്ദം പൃഥ്വിരാജിന്‍റെയും മുരളി ഗോപിയുടെയും മുകളില്‍ ശക്തമാകുകയാണ്. മോഹന്‍ലാല്‍ ആരാധകര്‍ ഇക്കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ അടുത്തതായി പൃഥ്വി ഒരു മമ്മൂട്ടിച്ചിത്രമാണ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മുരളി ഗോപിയുടെ തിരക്കഥയില്‍ തന്നെയായിരിക്കും പൃഥ്വിയുടെ മമ്മൂട്ടിച്ചിത്രവും ഒരുങ്ങുക. ഇതൊരു പൊളിറ്റിക്കല്‍ സിനിമയാവില്ല. എന്നാല്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രവും. മമ്മൂട്ടി ഈ സിനിമയ്ക്കായി ഓപ്പണ്‍ ഡേറ്റ് നല്‍കിക്കഴിഞ്ഞു എന്നാണ് വിവരം. ആദ്യചര്‍ച്ചയ്ക്കായി ഉടന്‍ തന്നെ മമ്മൂട്ടിയും പൃഥ്വിയും മുരളി ഗോപിയും കൂടിക്കാഴ്ച നടത്തും. 
 
വര്‍ഷം ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്നാണ് പൃഥ്വിയുടെ തീരുമാനമെന്നറിയുന്നു. മമ്മൂട്ടിച്ചിത്രത്തിന് ശേഷം അന്യഭാഷാ ചിത്രങ്ങള്‍ സംവിധാനം ചെയ്യാനും പൃഥ്വിക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍