ശ്രീനിവാസൻ തിരക്കഥ എഴുതി കമൽ സംവിധാനം ചെയ്ത് ചിത്രമാണ് അഴകിയ രാവണൻ. മമ്മൂട്ടിയുടെ ശങ്കർദാസ് ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രമാണ്. വീടിനുള്ളില്‍ ചുവന്ന പെയിന്‍റ് അടിക്കാനും നാടെങ്ങും തനിക്ക് സ്വീകരണം ഏര്‍പ്പെടുത്താനും പൊങ്ങച്ചം കാട്ടാനായി സിനിമ നിര്‍മ്മിക്കാനുമൊക്കെ മുതിരുന്ന ശങ്കര്‍ദാസ് എന്ന കഥാപാത്രവും പ്രേക്ഷകപ്രീതി നേടി.
‘അഴകിയ രാവണന്‍’ എന്ന സിനിമ മലയാളികള്‍ ആസ്വദിച്ച് ചിരിച്ച മമ്മൂട്ടിച്ചിത്രമാണ്. മമ്മൂട്ടിയും കമലും ഒന്നിച്ച് സൃഷ്ടിച്ച ഹിറ്റുകളിൽ ഒന്നാണ് അഴകിയ രാവണൻ. എന്നാൽ, ശങ്കർദാസായിട്ട് മോഹൻലാൽ ആണെങ്കിൽ ചിത്രം നന്നാകുമെന്ന് പലരും കമലിനോട് പറഞ്ഞിരുന്നു. പക്ഷേ, മമ്മൂട്ടി മതിയെന്ന വാശിയായിരുന്നു കമലിനും ശ്രീനിവാസനും. കമൽ ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
വേണ്ടത്ര വാണിജ്യവിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്ന ശ്രുതിയും പരക്കുന്നുണ്ട്. എന്നാൽ, പടം പരാജയമായിരുന്നില്ലെന്നാണ് കമലിന്റെ ഭാഷ്യം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് കമൽ പറയുന്നു. പക്ഷേ, സിനിമ റിലീസ് ആയി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ ഭയം മാറിയെന്ന് കമൽ വ്യക്തമാക്കി.
കഥ കേൾക്കുമ്പോൾ മമ്മൂട്ടിക്ക് ഇഷ്ടപെടുമോ ചെയ്യാൻ തയ്യാറാകുമോ എന്ന ഭയവും തനിക്കുണ്ടായിരുന്നുവെന്ന് കമൽ വ്യക്തമാക്കുന്നു. എന്നാൽ, ചിരിച്ചുകൊണ്ടാണ് മമ്മൂട്ടി കഥ കേട്ടത്. ശേഷം പറഞ്ഞത് ഒരു കാര്യം മാത്രം, 'ഞാൻ കോമഡി ചെയ്യില്ല, സീരിയസായിട്ടായിരിക്കും അഭിനയിക്കുക'. ആളുകൾ അതിനെ കോമഡിയായി കണ്ടപ്പോൾ സിനിമ വിജയിച്ചു.