മലയാളത്തിന്റെ അഭിമാന നടനാണ് മമ്മൂട്ടി. മമ്മൂട്ടി അഭിനയിച്ച് തീരാത്ത ജീവിതങ്ങളുണ്ടോ എന്ന് തന്നെ സംശയമാണ്. മലയാളികൾക്ക് എക്കാലത്തും ഓർത്തിരിക്കാൻ കഴിയുന്ന, അവരെ നൊമ്പരപ്പെടുത്തുന്ന, ത്രസിപ്പിക്കുന്ന അനേകം സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അദ്ദേഹം പകർന്നാടാത്ത വേഷങ്ങൾ അപൂർവ്വമാണ്. എങ്കിലും തന്നിലെ നടന് ആർത്തിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
പുതിയ കഥാപാത്രങ്ങള്‍ക്കായും പുതുമയുള്ള കഥകള്‍ക്കായുമുള്ള മമ്മൂട്ടിയുടെ കാത്തിരിപ്പ് വിസ്മയിപ്പിക്കുന്നതാണ്. ഈ വർഷം മമ്മൂട്ടിയെന്ന നടനെ നമ്മൾ വീണ്ടും കണ്ടതാണ്. പേരൻപ്, യാത്ര, ഉണ്ട എന്നീ ചിത്രങ്ങളിലൂടെ. കുറച്ച് കാലങ്ങൾക്ക് മുൻപ് മാതൃഭൂമിയിലെ ഒരു പംക്തിയില്‍ സത്യന്‍ അന്തിക്കാട് ഒരു അനുഭവം എഴുതി:
“അടുത്തകാലത്ത് 'പത്തേമാരി' കണ്ടപ്പോള്‍ ഞാന്‍ മമ്മൂട്ടിയെ വിളിച്ചു. ''അവസാനരംഗത്ത് നിങ്ങളെന്നെ കരയിച്ചു”. മമ്മൂട്ടിയാണ് - എനിക്ക് വളരെയേറെ പരിചയമുള്ള നടനാണ് എന്നൊക്കെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിലും മുകളിലായിരുന്നു നിങ്ങളുടെ പ്രകടനം! ശബ്ദംകൊണ്ടും ഭാവംകൊണ്ടും പ്രേക്ഷകരെ കൈയിലെടുക്കുന്ന മാജിക് ഞാന്‍ കണ്ടു. അഭിനന്ദനങ്ങള്‍.'' നല്ലൊരു ചിരിയായിരുന്നു മറുപടി.
എന്നിട്ട് പറഞ്ഞു - ''നിങ്ങളെക്കൊണ്ട് ഞാന്‍ ഇനിയും വിളിപ്പിക്കും. അതിനു പറ്റിയ കഥാപാത്രങ്ങള്‍ക്കായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. മലയാളത്തിലെ 'എക്കാലത്തെയും പുതുമുഖ നടന്‍' എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെ”. - സത്യന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു.
4 വർഷങ്ങൾക്കിപ്പുറം പേരൻപ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടി പറഞ്ഞത് വീണ്ടും സംഭവിച്ചു. സിനിമ കണ്ട് മനം നിറഞ്ഞ സത്യൻ വീണ്ടും മമ്മൂട്ടിയെ വിളിച്ചു. അത്രമേൽ മനോഹരവും ആശ്ചര്യം ഉണർത്തുന്നതുമായിരുന്നു പേരൻപിലെ അമുദവൻ. സിനിമ കണ്ട ശേഷം സത്യൻ അന്തിക്കാട് മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു:
‘ഒരു സിനിമ കണ്ട് അതിശയിച്ചുപോകുക എന്ന അനുഭവമാണ് എനിക്കുണ്ടായിരിക്കുന്നത്. പുതുമുഖത്തിന്റെ ഗംഭീരമായ അഭിനയം. മലയാളത്തിലെ എക്കാലത്തിലെയും പുതുമുഖം മമ്മൂട്ടി തന്നെ. പ്രാഞ്ചിയേട്ടൻ കണ്ടപ്പോഴും എനിക്കങ്ങനെ തോന്നിയിരുന്നു.’
അതേ, മമ്മൂട്ടിയെന്ന നടന് അഭിനയം ഒരിക്കലും നിർത്തരുതേ എന്ന് മലയാളികൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്.