തിരിച്ച് വരവിനു ശേഷം ഏതൊരു അഭിമുഖത്തിലും മഞ്ജു വാര്യർ നേരിടുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ടാണ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ഇല്ലാത്തത്? എന്നത്. അപ്പോഴൊക്കെ, ഉടൻ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും മമ്മൂക്കയും കൂടെ വിചാരിക്കണമെന്നുമായിരുന്നു മഞ്ജു പറഞ്ഞിരുന്നത്. ഇപ്പോൾ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ ഇരുവരും ആദ്യമായി ഒന്നിക്കുകയാണ്.
എന്തുകൊണ്ടാണ് ഒരു മഞ്ജു - മമ്മൂട്ടി ചിത്രം ഇത്രയും കാലമായിട്ടും നടക്കാതിരുന്നത് എന്ന ചോദ്യം പലയാവർത്തി സിനിമാപ്രേമികൾ ചോദിച്ചിട്ടുള്ളതാണ്. ദിലീപിനോട് അടുത്ത ബന്ധം ഉള്ളത് കൊണ്ടാണ് മഞ്ജുവിനെ തന്റെ ചിത്രത്തിൽ നിന്നും മമ്മൂട്ടി ഒഴിവാക്കുന്നത് എന്നൊരു പ്രചാരണം നിലനിന്നിരുന്നു. എന്നാൽ, അതിൽ വാസ്തവമൊന്നുമില്ല എന്നതാണ് സത്യം.
തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ ചിന്തിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. കൂടെ അഭിനയിക്കുന്നവരെ ചൂസ് ചെയ്യുന്നത് മമ്മൂട്ടി അല്ല. ചിലപ്പോഴൊക്കെ ചില നിർദേശങ്ങൾ നൽകാറുണ്ടെന്നേ ഉള്ളു. സംവിധായകൻ തീരുമാനിച്ച നടിയെ മാറ്റാനൊന്നും മമ്മൂട്ടി നിൽക്കാറില്ല. എല്ലാവരെയും തുല്യരായി കാണുകയും അവർക്കൊപ്പം അഭിനയിക്കുകയും ചെയ്യുന്നതാണ് മമ്മൂട്ടിയുടെ രീതി.
ജോഫിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായിട്ടല്ല മഞ്ജു എത്തുന്നത്. ഒരു കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു എന്നതാണ് വസ്തുത. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. ജോഫിന്റെ തിരക്കഥ വായിച്ച് ആവേശത്തിലായ മമ്മൂട്ടി മറ്റ് പ്രൊജക്ടുകളെല്ലാം മാറ്റിവച്ച് ഈ ചിത്രത്തിന് ഡേറ്റ് നൽകുകയായിരുന്നു. ഡിസംബർ അവസാനം ഷൂട്ടിംഗ് ആരംഭിക്കും.