ഓഗസ്റ്റ് ഇരുപതാം തീയതി ലോക കൊതുക് ദിനം (World Mosquito Day) ആയി ആചരിക്കപ്പെടുന്നു. 1897-ല്‍ ബ്രിട്ടീഷ് വൈദ്യനായ സര്‍ റോണാള്‍ഡ് റോസ് നടത്തിയ മഹത്തായ ഗവേഷണത്തെ അനുസ്മരിപ്പിക്കുന്നതിനായാണ് ഈ ദിനാചരണം. മനുഷ്യരില്‍ മലേറിയ പകരുന്നത് സ്ത്രീ കൊതുകുകള്‍ വഴിയാണെന്ന റൊണാള്‍ഡ് റോസിന്റെ കണ്ടുപിടുത്തം ആരോഗ്യരംഗത്ത് അലിയ വഴിത്തിരിവ് സൃഷ്ടിച്ച കണ്ടെത്തലായിരുന്നു. മലേറിയക്കെതിരായ പോരാട്ടത്തില്‍ ഈ കണ്ടെത്തല്‍ വലിയ വഴികാട്ടിയായി മാറിയിരുന്നു.
ഇന്ന് ലോകം മുന്നോട്ട് കുതിക്കുമ്പോള്‍ മലേറിയയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ,മഞ്ഞപ്പനി, സിക്കാ വൈറസ് തുടങ്ങി അനവധി രോഗങ്ങളാണ് കൊതുകുകള്‍ വഴി പകരുന്നത്. ഇത് ലോകമെമ്പാടും പ്രതിവര്‍ഷം അനേകലക്ഷം ആളുകളുടെ മരണത്തിന് കാരണമാകുന്നു. അതിനാല്‍ തന്നെ കൊതുകുകളെ ഇല്ലാതെയാക്കുക, കൊതുക് വഴി പടരുന്ന രോഗങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് ലോക കൊതുക് നിയന്ത്രണ ദിനത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍. ആരോഗ്യസംഘടനകളും സര്‍ക്കാരുകളും ഈ ദിനത്തില്‍ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വീടുകളിലും ചുറ്റുപാടുകളിലും ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യവും പ്രതിരോധ മരുന്നുകളുടെ ഉപയോഗവും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നു. ശാസ്ത്രീയമായ ഒരു കണ്ടുപിടുത്തത്തിന്റെ ഓര്‍മയ്ക്കായി മാത്രമല്ല, പകരം ആരോഗ്യസംരക്ഷണത്തിനായി ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും കൊതുക് ദിനം ഓര്‍മ്മപ്പെടുത്തുന്നു,