ഒരു ആർട്ടിസ്റ്റിനെ പ്രകോപിപ്പിക്കുന്ന ടീമിനൊപ്പം, എങ്ങനെ അഭിനയിക്കാനാകും ? ചോദ്യം ഉന്നയിച്ച് ഷെയിൻ നിഗത്തിന്റെ അമ്മ

ചൊവ്വ, 26 നവം‌ബര്‍ 2019 (17:51 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിൽ സംഭവത്തിൽ വിശദീകരണവുമായി ഷെയിൻ നിഗത്തിന്റെ അമ്മ സുനില. ഷെയിനിനെ കുറ്റം പറയുന്നവർ ഇക്കാര്യത്തിന്റെ സത്യാവസ്ഥയെ കുറിച്ച് എന്തുകൊണ്ട് കുടുംബത്തോട് ചോദിക്കുന്നില്ല എന്ന് താരത്തിന്റെ അമ്മ ചോദ്യം ഉന്നയിച്ചു.
 
പ്രചരിക്കുന്ന വാർത്തകളിൽ എവിടെയെങ്കിലും വീട്ടുകാർക്ക് പറയാനുള്ളത് എന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ടോ ? ഷെയിൻ സെറ്റിൽനിന്നും ഇറങ്ങിപ്പോയി എന്ന് വെയിലിന്റെ സംവിധായകൻ ശരത് ഒരു ദിവസം രാവിലെ എന്നെ വിളിച്ചു പറയുകയാണ്. ഉടനെ ഞാൻ ഷെയിനിനെ വിളിച്ചു. ഉറക്കത്തിൽനിന്നുമാണ് ഷെയിൻ ഫോൺ അറ്റന്റ് ചെയ്തത്.
 
പുലർച്ചെ രണ്ട് മണി വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. അടുത്ത സമയം പന്ത്രണ്ട് മണിയാണെന്ന് പഞ്ഞു. ഇതെ ചൊല്ലി ഞാനും ശരത്തും തമ്മിൽ ഒരു തർക്കം തന്നെ ഉണ്ടായി. ഷെയിൻ ഇതുവരെ അഭിനയിച്ച സിനിമയിലെ സംവിധായകരോട് നിങ്ങൾ ചോദിക്കണം ഇങ്ങനെ എന്തെങ്കിലും സംഭവം അവന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടോ എന്ന്.  
 
ഒരു നടനെ മനപ്പൂർവം പ്രകോപിപ്പിക്കുന്ന സെറ്റിൽ എങ്ങനെയാണ് അഭിനയിക്കാൻ സാധിക്കുക. അതാണ് ഇവിടെ സംഭവിച്ചത്. അവർ തന്നെ ഒരോന്ന് പറഞ്ഞ് പ്രകോപനമുണ്ടാക്കി അവനെക്കൊണ്ട് ഓരോന്ന് പറയിച്ചിട്ട് സിനിമ മുടങ്ങി എന്ന് അവർ തന്നെ പറയുന്നു. ഷെയിൻ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു എന്നാണ് ശരത് പറയുന്നത്. അവന് 22 വയസ് മാത്രമാണ് പ്രായം. വിഷമിച്ച് ഓരോ കാര്യങ്ങൾ പറയുമ്പോൾ വാക്കുകൾ മാറിപ്പോവുന്നതാണ്.  

ഷെയിൻ കഞ്ചാവ് വലിച്ച് സംസാരിക്കുകയാണ് എന്നാണ് ഒരു കൂട്ടർ പറയുന്നത്. അങ്ങനെയെങ്കിൽ അതിൽ ഏറ്റവുമധികം വിഷമിക്കേണ്ടത് ഞാനല്ലെ. ഈ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്. അവനെ എനിക്കറിയാം അതിനാൽ ഈ ആരോപണങ്ങൾ എന്നെ ബാധിക്കാറില്ല. ഷെയിനിന്റെ അമ്മ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍