കണ്‍‌മണി തന്നെ; ഡ്യൂപ്ലിക്കേറ്റ് രസകരം

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2009 (21:20 IST)
PRO
ജയറാം ചിത്രമായ കാണാ കണ്‍‌മണി ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ ദിനങ്ങളില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് ചിത്രം മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് കാണാ കണ്‍‌മണിക്ക് തുണയായത്. അക്കു അക്ബര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഹൊറര്‍ മൂഡിലുള്ള ഒരു കുടുംബകഥയാണ്.

ഷിബു പ്രഭാകര്‍ സംവിധാനം ചെയ്ത ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമ്മൂട് ആദ്യമായി നായകനാകുന്ന ചിത്രമാണിത്. രസകരമായ സിനിമ എന്ന അഭിപ്രായമാണ് ഈ ചിത്രത്തെക്കുറിച്ച് ഉയര്‍ന്നിട്ടുള്ളത്. തമിഴ് ചിത്രമായ ഉന്നൈപ്പോല്‍ ഒരുവനും കേരളത്തില്‍ നേട്ടമുണ്ടാക്കുന്നുണ്ട്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഒരു ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബം രണ്ടാം സ്ഥാനത്തെത്തി. പൃഥ്വിരാജിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുതിയ മുഖത്തെ പിന്തള്ളിയാണ് ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബം മുന്നേറുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞു പറയുന്ന ഈ കൊച്ചു കഥ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബവും ശ്രദ്ധേയമാകുന്നത് ജയസൂര്യയുടെ താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ്.

പുതിയ മുഖം ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിന്‍റെ പേരു സൂചിപ്പിക്കുന്നതു പോലെ പൃഥ്വി എന്ന നടന്‍റെ മാറിയ മുഖമാണ് ഈ സിനിമയിലൂടെ കാണാനാകുന്നത്. ഒരു തമിഴ് സിനിമയാണോ എന്ന് സംശയിക്കത്തക്ക രീതിയില്‍ ഗംഭീരമായ ആക്ഷന്‍ രംഗങ്ങളാണ് ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖത്തിന്‍റെ ഹൈലൈറ്റ്. ഈ സിനിമയുടെ തകര്‍പ്പന്‍ വിജയം പൃഥ്വിരാജിനെ സൂപ്പര്‍താരങ്ങളുടെ നിരയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. പുതിയമുഖമാണ് മൂന്നാം സ്ഥാനത്ത്.

മമ്മൂട്ടിയുടെ ഡാഡി കൂളിന് ഇപ്പോഴും കുടുംബപ്രേക്ഷകരുടെ തിരക്കുണ്ട്. എങ്കിലും യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയതും സംഭാഷണങ്ങളിലെ കൃത്രിമത്വവും ചിത്രത്തിന് വിനയായി. ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ് ഈ സിനിമ.

ജോണി ആന്‍റണി സംവിധാനം ചെയ്ത ‘പട്ടണത്തില്‍ ഭൂതം’ കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിച്ച് മുന്നേറുകയാണ്. ഈ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി ഈ സിനിമ എണ്ണപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഭൂതമാണ് ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമത്.