Lok Sabha Election 2024: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേഗത്തിലാക്കി ബിജെപി. ഒറ്റയ്ക്കു ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രതിപക്ഷത്തു നിന്ന് രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ രൂപീകരണം എന്‍ഡിഎ വേഗത്തിലാക്കുന്നത്.
ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന ടിഡിപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും പിന്തുണച്ചാല്‍ മാത്രമേ എന്‍ഡിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ. നിലവില്‍ ഈ രണ്ട് പാര്‍ട്ടികളും എന്‍ഡിഎ മുന്നണിയില്‍ ഉണ്ട്. ഇവരെ എന്‍ഡിഎയില്‍ നിന്ന് അടര്‍ത്തിയെടുത്താല്‍ ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷത്തിലേക്ക് എത്താം. ഇത്തരം വെല്ലുവിളികള്‍ മുന്നില്‍ കണ്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.
മോദി തന്നെയാകും വീണ്ടും പ്രധാനമന്ത്രിയാകുക. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. അമിത് ഷാ, ജെ.പി.നദ്ദ തുടങ്ങിയവര്‍ ആകും മൂന്നാം മോദി സര്‍ക്കാരില്‍ താക്കോല്‍ സ്ഥാനങ്ങളില്‍.