Rahul Gandhi: മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഉപേക്ഷിക്കും. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലും കേരളത്തിലെ വയനാട്ടിലുമാണ് രാഹുല്‍ ഇത്തവണ മത്സരിച്ചത്. വയനാട്ടില്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചത്. റായ്ബറേലിയില്‍ 3,90,030 വോട്ടുകളുടെ ജയമാണ് രാഹുല്‍ നേടിയത്.
രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചതിനാല്‍ രാഹുല്‍ നിര്‍ബന്ധമായും ഒരു സീറ്റ് ഉപേക്ഷിക്കേണ്ടി വരും. വയനാടായിരിക്കും രാഹുല്‍ ഉപേക്ഷിക്കുകയെന്നാണ് വിവരം. അങ്ങനെ വന്നാല്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക എവിടെയും മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും.
അതേസമയം തൃശൂരില്‍ തോറ്റ കെ.മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഇടവേളയെടുക്കുകയാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. മുരളീധരനെ അനുനയിപ്പിക്കാന്‍ വയനാട് സീറ്റ് വാഗ്ദാനം ചെയ്യണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.