Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിധിയെഴുതി കേരളം. രാത്രി 11 വരെ വോട്ടിങ് നീണ്ടു. പോളിങ് 70.80 ശതമാനം മാത്രം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ (2019) 77.84 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ് പ്രതിസന്ധിക്കിടയിലും 74.06 ശതമാനം പോളിങ് ഉണ്ടായിരുന്നു.
തപാല്‍ വോട്ടുകള്‍ കൂടി ചേരുമ്പോള്‍ സംസ്ഥാനത്തെ പോളിങ് 72 ശതമാനത്തിലേക്ക് എത്തിയേക്കാം. അപ്പോഴും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനം കുറവാണ് ഇത്തവണ. ആകെയുള്ള 25,231 പോളിങ് ബൂത്തുകളില്‍ ആറായിരത്തിലധികം എണ്ണത്തില്‍ ആറ് മണിക്ക് ശേഷവും പോളിങ് തുടര്‍ന്നു. അഞ്ച് ശതമാനം ബൂത്തുകളില്‍ ഒന്‍പത് മണി കഴിഞ്ഞും വോട്ട് ചെയ്യാന്‍ സമ്മതിദായകര്‍ ബാക്കിയായി.
വടകരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (77.66%). കുറവ് പത്തനംതിട്ടയില്‍ (63.35%). ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് പോളിങ് 66.43 ശതമാനം മാത്രം. തൃശൂരില്‍ 72.20 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.