India Today Survey: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മൂഡ് ഓഫ് ദി നേഷന്‍ (MOTN) സര്‍വെ ഫലം പുറത്തുവിട്ട് ഇന്ത്യ ടുഡെ. എന്‍ഡിഎയ്ക്ക് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നും നരേന്ദ്ര മോദി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും സര്‍വെയില്‍ പറയുന്നു. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' നില മെച്ചപ്പെടുത്തും.
335 സീറ്റുകള്‍ നേടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി അധികാരത്തിലെത്തുമെന്നാണ് സര്‍വെ പ്രവചനം. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. എന്‍ഡിഎയ്ക്ക് 2019 നേക്കാള്‍ 18 സീറ്റുകള്‍ ഇത്തവണ കുറയും. 'ഇന്ത്യ' മുന്നണിക്ക് 166 സീറ്റുകളും മറ്റുള്ളവര്‍ക്ക് 42 സീറ്റുകളുമാണ് ഇന്ത്യ ടുഡെ സര്‍വെ പ്രവചിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് 304 സീറ്റും കോണ്‍ഗ്രസ് ഒറ്റയ്ക്ക് 71 സീറ്റുകളും നേടുമെന്നും പ്രവചനത്തില്‍ പറയുന്നു.
വിവിധ ലോക്‌സഭാ സീറ്റുകളിലായി 2023 ഡിസംബര്‍ 15 മുതല്‍ 2024 ജനുവരി 28 വരെയുള്ള കാലഘട്ടത്തില്‍ 35,801 പേരെയാണ് സര്‍വെയ്ക്ക് വിധേയരാക്കിയത്. 543 സീറ്റുകളാണ് ലോക്‌സഭയില്‍ ഉള്ളത്. ഏപ്രില്‍-മേയ് മാസങ്ങളില്‍ ആയാകും വോട്ടെടുപ്പും വോട്ടെണ്ണലും.