തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ

നിഹാരിക കെ.എസ്

ഞായര്‍, 11 മെയ് 2025 (08:50 IST)
2023ൽ തുർക്കിയെ വിറപ്പിച്ച ഭൂകമ്പമുണ്ടായപ്പോൾ ആദ്യം സഹായിക്കാനെത്തിയ രാജ്യം ഇന്ത്യ ആയിരുന്നു. 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരിലായിരുന്നു സഹായ ഹസ്തവുമായി ഇന്ത്യ തുർക്കിയ്ക്കരികിലേക്ക് ഓടിയെത്തിയത്. എൻഡിആർഎഫ് സേവനങ്ങൾക്കും സഹായത്തിനുമൊപ്പം, അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യ ഗരുഡ എയ്‌റോസ്‌പേസ് ഡ്രോണുകളും മരുന്നും ഭക്ഷണവും കൊണ്ടുപോകാൻ പരിഷ്കരിച്ച കിസാൻ ഡ്രോണുകളും അയച്ചു.
 
എന്നാൽ ഓപ്പറേഷൻ സിന്ദൂറിന്റെ ശേഷമുള്ള വെള്ളിയാഴ്ച ഇന്ത്യയെ തുർക്കി അവരുടെ തീരുമാനം കൊണ്ട് ഞെട്ടിച്ചു. ലേ മുതൽ സർ ക്രീക്ക് വരെയുള്ള പടിഞ്ഞാറൻ അതിർത്തിക്കപ്പുറത്ത് ഇന്ത്യയിലെ 36 സ്ഥലങ്ങളിൽ പാകിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചത് മുന്നൂറോളം തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണെന്ന് ഇന്ത്യ കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടങ്ങൾ തുർക്കിയിലെ സോംഗർ അസിസ്ഗാർഡ് (SONGAR ASISGUARD)ഡ്രോണുകളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുർക്കി സായുധ സേന ഉപയോഗിച്ച ആദ്യത്തെ തദ്ദേശ ഡ്രോണാണിത്.
 
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഏപ്രിൽ 28 ന് കറാച്ചിയിൽ സി-130ഇ ഹെർക്കുലീസ് വിമാനം ഇറങ്ങിയപ്പോൾ തുർക്കി പാകിസ്ഥാന് നൽകിയത് ഈ ഡ്രോണുകളാണെന്ന ഊഹാപോഹമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏപ്രിൽ 30ന്, ലെഫ്റ്റനന്റ് ജനറൽ യാസർ കദിയോഗ്ലുവിന്റെ നേതൃത്വത്തിലുള്ള ഒരു ഉന്നത തുർക്കി സൈനിക, രഹസ്യാന്വേഷണ സംഘം ഇസ്ലാമാബാദിലെ പാകിസ്ഥാൻ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ച് പാകിസ്ഥാൻ വ്യോമസേനാ മേധാവിയെ കണ്ടു.
 
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് നാല് ദിവസത്തിന് ശേഷം തുർക്കി പാകിസ്ഥാന് ഡ്രോണുകൾ നൽകിയിരിക്കാമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍