മുംബൈ: ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ഇന്ത്യയും പാകിസ്ഥാനും സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, ബോളിവുഡ് നടൻ സൽമാൻ ഖാൻ ഇത് സംബന്ധിച്ച് നടത്തിയ എക്സ് പോസ്റ്റ് വിവാദമായി.
സല്‍മാന്‍ ഇന്ത്യ പാക് വെടിനിര്‍ത്തല്‍ വാര്‍ത്തയ്ക്ക് പിന്നാലെ എക്സ് ഹാൻഡിൽ 'വെടിനിർത്തലിന് ദൈവത്തിന് നന്ദി' എന്ന് പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഈ പോസ്റ്റ് ആരാധകർക്ക് പോലും ഇഷ്ടപ്പെട്ടില്ല. കടുത്ത പ്രതിഷേധം വന്നപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ നടത്തിയപ്പോൾ മൗനം പാലിച്ചതിനാണ് സൽമാനെ ഓൺലൈനിൽ ആളുകൾ വിമർശിക്കുന്നത്. പോസ്റ്റ് പിൻവലിച്ചതും വിമർശനങ്ങൾക്ക് കാരണമായി.
അതേസമയം, വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ പട്ടണങ്ങളെല്ലാം രാത്രി മുഴുവൻ കനത്ത ജാഗ്രത തുടര്‍ന്നു. അതിര്‍ത്തി മേഖലയിലടക്കം സൈന്യം കനത്ത ജാഗ്രത തുടരുകയാണ്. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മുവടക്കമുള്ള അതിര്‍ത്തി മേഖലകള്‍ സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്.