വിപ്ലവം വിളഞ്ഞ മണ്ണ് ഇത്തവണ ആർക്കൊപ്പം? വിജയത്തേരിലേറാൻ ആര്?

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (14:11 IST)
വിപ്ലവം വിളഞ്ഞ മണ്ണാണ് ആലപ്പുഴ. എന്നുവച്ച് എന്നും കമ്മ്യൂണിസത്തെ മുറുകെപ്പിടിച്ച പാരമ്പര്യവും ഈ തീരദേശത്തിനില്ല. കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി യുഡിഎഫിലെ കെസി വേണുഗോപാൽ ജയിച്ച ആലപ്പുഴ ഇത്തവണ തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് ഇടതുമുന്നണി. അതു നടപ്പില്ലെന്ന ആത്മവിശ്വാസവുമായി യുഡിഎഫും രംഗത്തുണ്ട്. 
 
അവസാന നിമിഷം വരെയും ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി സിറ്റിങ് എംപി കെസി വേണുഗോപാലായിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഷാനിമോൾ ഉസ്മാനാണ് യുഡിഎഫ് സ്ഥാനാർത്ഥി. എ എം ആരിഫാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ഡോ. കെ എസ് രാധാകൃഷ്ണനാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. 
 
അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോക്‌സഭ മണ്ഡലം. ഏഴ് മണ്ഡലങ്ങളില്‍ ആറെണ്ണത്തിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തല വിജയിച്ചതാണ് ഇത്തവണ മണ്ഡലത്തിലെ യുഡിഎഫിന്റെ ഏക ആശ്വാസം. 2011 ലെ നിയമസഭ തിരഞ്ഞെടുപ്പിലും ഇതുപോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍. പക്ഷേ, 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന്‍റെ കെസി വേണുഗോപാലായിരുന്നു. 
 
ഇതുവരെ നടന്ന ആകെ 12 തിരഞ്ഞെടുപ്പുകളില്‍ നാലെണ്ണത്തില്‍ മാത്രമാണ് സിപിഎമ്മിന്, അല്ലെങ്കില്‍ ഇടതുപക്ഷത്തിന് വിജയിക്കാനായിട്ടുള്ളത്. ബാക്കിയെല്ലാ തവണയും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നിന്ന മണ്ഡലം ആണ് ആലപ്പുഴ. ആലപ്പുഴയെ പ്രതിനിധീകരിച്ച് ഏറ്റവും അധികം തവണ തിരഞ്ഞെടുക്കപ്പെട്ട എംപി വിഎം സുധീരന്‍ ആണ്. നാല് തവണ സുധീരന്‍ ആലപ്പുഴയില്‍ നിന്ന് ലോക്‌സഭയില്‍ എത്തി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പകളും കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആണ് ആലപ്പുഴയില്‍ നിന്ന് വിജയിച്ചത്. മികച്ച ഭൂരിപക്ഷത്തിലാണ് കെസി രണ്ടു തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ കരുത്തിലാണ് സിപിഎം ഇത്തവണ ആലപ്പുഴയില്‍ മത്സരത്തിനിറങ്ങുന്നത്. 
 
ശബരിമല വിഷയം, സാമ്പത്തിക സംവരണ പ്രഖ്യാപനം, മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ ന്യൂനപക്ഷ- ഭൂരിപക്ഷ വോട്ടുകളിൽ സ്വാധീനം ചെലുത്തും. പ്രളയകാലത്തെ സർക്കാരിന്റെ പ്രവർത്തനം, വികസന പ്രവർത്തനങ്ങൾ, ആലപ്പുഴ ബൈപ്പാസ് തുടങ്ങിയവയും വോട്ടർമാരിൽ സ്വാധീനം ചെലുത്തും

അനുബന്ധ വാര്‍ത്തകള്‍

Next Article