ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതോടെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പരിഹസിച്ച് എം സ്വരാജ് എംഎല്‍എ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് കെ മുരളീധരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിൾ അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ വിനയായിരിക്കുകയാണ്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് സ്വരാജ് മുരളീധരനെതിരെ ആഞ്ഞടിച്ചത്.
തിരഞ്ഞെടുപ്പില്‍ നിയമസഭാംഗങ്ങള്‍ മത്സരിക്കേണ്ട ഗതികേട് കോണ്‍ഗ്രസിന് ഇല്ലെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതിനെതിരെയാണ് എം സ്വരാജ് രംഗത്തെത്തിയത്. എംഎല്‍എമാരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഗതികേടാണെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴായിരുന്നു കെ മുരളീധരന്‍റെ വിമര്‍ശനം.
എന്നാല്‍ അദ്ദേഹവും സ്ഥാനാര്‍ത്ഥിയായി എത്തിയതോടെയാണ് മുരളീധരനെതിരെ വിമര്‍ശനവുമായി സ്വരാജ് എത്തിയത്. ഗാന്ധിജിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും പട്ടേലിന്റെയുമൊക്കെ കോൺഗ്രസ് ഇന്ന് ഒരു ഭൂതകാലസ്മരണ മാത്രമാണ്. കോൺഗ്രസിലെ ഉരുക്കുമനുഷ്യരുടെ സ്ഥാനത്ത് അലുമിനിയം മനുഷ്യർ കടന്നു വന്നതിനെക്കുറിച്ച് മുമ്പൊരിക്കൽ തുറന്നു പറഞ്ഞത് ശ്രീ.കെ.മുരളീധരനാണ്. കരുത്തൻമാരുടെ കാലം കഴിഞ്ഞ കോൺഗ്രസിൽ നിന്നും കാലാതിവർത്തിയായ വാക്കുകളോ നിലപാടുകളോ മുദ്രാവാക്യങ്ങളോ പ്രതീക്ഷിക്കാനാവില്ല. എന്നാലും പറയുന്ന വാക്കുകൾക്ക് , വലിയ ശബ്ദത്തിൽ പ്രഖ്യാപിക്കപ്പെടുന്ന നിലപാടുകൾക്ക് മണിക്കൂറുകളുടെ പോലും ആയുസില്ലാതെ പോകുന്നതെന്തു കഷ്ടമാണ്. - എം സ്വരാജ് പറയുന്നു.