എന്തിനാണ് സത്യത്തില്‍ സ്മൃതി ഇറാനി പഠിച്ചത്?

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (15:08 IST)
ഒരിക്കല്‍ 'സ്വന്തമാക്കിയ' ബിരുദം പത്ത് വര്‍ഷത്തിന് ശേഷം ഇല്ലാതായെന്ന് സമ്മതിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബിരുദം ഇല്ലെന്ന് വ്യക്തമാക്കിയത്.
 
ബിരുദം പൂര്‍ത്തിയാക്കിയില്ലെന്നാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അമേഠിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ സ്മൃതി ഇറാനി പറയുന്നത്. ഇതോടെ സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യത വീണ്ടും ചര്‍ച്ചയായി. സ്മൃതി കള്ളം പറഞ്ഞതാണന്നും ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
 
അഞ്ച് കൊല്ലം മുന്‍പ് മാനവവിഭവശേഷി മന്ത്രിയായപ്പോഴാണ് സ്മൃതിയുടെ വിദ്യഭാസം സംബന്ധിച്ച് ചോദ്യമുയര്‍ന്നത്. അന്ന് അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിച്ച സ്മൃതി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ അഫിഡവിറ്റില്‍ പറഞ്ഞത് 1994 ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കറസ്‌പോണ്ടന്‍സ് വഴി കൊമേഴ്സ് പാര്‍ട്ട് 1 പൂര്‍ത്തിയാക്കി എന്നായിരുന്നു. എന്നാല്‍ ബിരുദം നേടിയതായി അതില്‍ പറഞ്ഞില്ല. 
 
പക്ഷേ 2004 ല്‍ ഇതായിരുന്നില്ല സ്ഥിതി. കപില്‍ സിബലിനെതിരെ മത്സരിച്ചപ്പോള്‍ സത്യവാങ്മൂലം നല്‍കിയത് ആര്‍ട്‌സ് ബിരുധാരി എന്നാണ്. 1996 ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും കറസ്‌പോണ്ടണ്‍സില്‍ ബിരുദം നേടിയതായി കൊടുത്തു. 
 
ഇത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമുള്ളതായി സ്മൃതി മാറ്റി പറഞ്ഞു. പക്ഷെ സത്യവാങ്മൂലത്തില്‍ അത് പറഞ്ഞില്ല. എന്നാല്‍, യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ആറു ദിവസത്തെ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ മാത്രമായിരുന്നു സ്മൃതി പങ്കെടുത്തത്. ഇതാണ് ബിരുദം എന്ന് അവകാശപ്പെട്ടത്. 
 
ഇത്തവണത്തെ സത്യവാങമൂലത്തില്‍ 1994 ല്‍ കൊമേഴ്സ് പാര്‍ട്ട് 1 പൂര്‍ത്തിയാക്കി എന്നുമാത്രമായി വിവരം. മൂന്ന് വര്‍ഷത്തെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് തന്നെ സമ്മതിക്കുന്നു. ഇതുപ്രകാരം പ്ലസ് ടു വിദ്യാഭാസമാണ് സ്മൃതി ഇറാനിക്ക് ഉള്ളത്. വിദ്യാഭാസ യോഗ്യത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്  മാനദണ്ഡമല്ല. പിന്നെ എന്തിനാണ് ഇല്ലാത്ത യോഗ്യത 2004 ലെ സത്യവാങമൂലത്തില്‍ കൊടുത്തു തെറ്റിദ്ധരിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്. 
 
വിദ്യാഭ്യാസ യോഗ്യതയില്‍ കള്ളം പറഞ്ഞതില്‍ 2016 സ്മൃതി ഇറാനിക്ക്  എതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നല്‍കിയെങ്കിലും മെട്രോപൊളിറ്റിയന്‍ മജിസ്ട്രേറ്റ് അത് നിരസിച്ചു. പരാതി സ്മൃതി ഇറാനിയെ ബുദ്ധിമുട്ടിക്കാന്‍ ആണെന്നും മന്ത്രിയല്ലായിരുന്നെങ്കില്‍ കൊടുക്കില്ലായിരുന്നവെന്നുമായിരുന്നു മജിസ്ട്രേറ്റിന്റെ വിധി. 
 
സ്മൃതി ഇറാനിയുടെ വിദ്യാഭാസ രേഖകള്‍ വിവരാവകാശ നിയമപ്രകാരം കിട്ടാനും ആക്ടിവിസ്റ്റുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാനവ വിഭവ ശേഷി മന്ത്രിയായ സ്മൃതി ഇറാനി റെക്കോര്‍ഡുകള്‍ കൊടുക്കുന്നതില്‍ നിന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയെ വിലക്കി. 2017 ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ സ്മൃതി ഇറാനിയുടെ പത്തിലെയും പന്ത്രണ്ടിലെയും സ്‌കൂള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article