തിരുവനന്തപുരം: കൈമനത്ത് ആളൊഴിഞ്ഞ വാഴത്തോപ്പില്‍ 50 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പോലീസ്. കരുമം സ്വദേശിനിയായ ഷീജയാണ് മരിച്ചത്. ദിവസങ്ങളായി ഷീജയും സുഹൃത്ത് സജികുമാറും തമ്മില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. സജികുമാറിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം സജികുമാറിന്റെ വീടിനടുത്തുള്ള സ്ഥലത്ത് എത്തിയ ഷീജ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി 10.10 ഓടെ കരമന - കളിയിക്കാവിള റോഡിലെ കുറ്റിക്കാടു ലെയ്നിലെ ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് അയല്‍ക്കാര്‍ നോക്കിയപ്പോള്‍ വാഴത്തോട്ടത്തില്‍ ഒരാള്‍ കത്തുന്നത് കണ്ടു. നാട്ടുകാര്‍ സ്ഥലത്തെത്തിയെങ്കിലും ഷീജയെ രക്ഷിക്കാനായില്ല. തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിച്ചു. ഫോര്‍ട്ട് എസി എ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. ഇന്നലെ രാവിലെയോടെയാണ് മരിച്ചയാള്‍ ഷീജയാണെന്ന് തിരിച്ചറിഞ്ഞത്. ഷീജയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതിനെ തുടര്‍ന്ന് സജി കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുറച്ചുനാളായി ഷീജയും സജിയും ഒരുമിച്ച് താമസിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് ഷീജയുടെ വീട്. രാത്രിയില്‍ ഷീജ ഒറ്റയ്ക്ക് ഇവിടെ വരില്ലെന്നും സജി ഷീജയെ ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നും ഷീജയുടെ സഹോദരി ഷീബ പോലീസിനോട് പറഞ്ഞിരുന്നു. ഉള്ളൂരിലെ ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ സെയില്‍സ് ഗേളായിരുന്നു ഷീജ. സജിയുടെ ഭീഷണിയെത്തുടര്‍ന്ന് ഷീജ മൂന്ന് വര്‍ഷമായി ടെക്‌സ്‌റ്റൈല്‍ കമ്പനിക്ക് സമീപമുള്ള ഒരു ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നുവെന്നും സഹോദരി പറഞ്ഞു.