ബിജെപിയുമായി സഖ്യം വിടുമെന്ന് പ്രഖ്യാപിച്ച മഹാരാഷ്ട്രവാദി ഗോമന്തക്ക് പാര്‍ട്ടിയിലെ (എംജിപി) മൂന്ന് എംഎല്‍എമാരില്‍ രണ്ട് പേരെ പാളയത്തിലെത്തിച്ച് ബിജെപി പാര്‍ട്ടിയെ പിളര്‍ത്തി. മനോഹര്‍ അജ്‌ഗോന്‍കര്‍, ദീപക് പവാസ്‌കര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ലയിക്കുകയാണെന്ന് വ്യക്തമാക്കി ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് എജിപി എംഎല്‍എമാര്‍ സ്പീക്കര്‍ മൈക്കള്‍ ലാബോയ്ക്ക് കത്ത് നല്‍കിയത്.
അര്‍ദ്ധരാത്രി നടന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഫലമായി നിലവില്‍ ബിജെപിയുടെ എംഎല്‍എമാരുടെ എണ്ണം 14 ആയി. നേരത്തെ 40 അംഗ ഗോവ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ എണ്ണം 12 ആയിരുന്നു. മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മാറിയതിനാല്‍ ഇവര്‍ക്കെതിരെ കൂറുമാറ്റ നിരോധനം നിലനില്‍ക്കില്ല. സുധിന്‍ ദാവാലികര്‍ കത്തിലയാണ് എംജിപിയില്‍ നിന്ന് ബിജെപിയിലേക്ക് മാറാന്‍ വിസമ്മതിച്ച എംഎല്‍എ. ഗോവയിലെ ഉപമുഖ്യമന്ത്രിയാണ് ദവാലികര്‍.
ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തിന് ശേഷം ഗോവയില്‍ അധികാരമേറ്റെടുത്ത ബിജെപിയുടെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടിയിരുന്നു. 20 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിക്ക് ലഭിച്ചത്. 15 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു.