മത്സര രംഗത്ത് നിന്ന് മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടു; അതൃപ്തി സൂചിപ്പിച്ച് വോട്ടർമാർക്ക് മുരളി മനോഹർ ജോഷിയുടെ കത്ത്

ചൊവ്വ, 26 മാര്‍ച്ച് 2019 (12:36 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കാണ്‍പൂരിലെ വോട്ടര്‍മാര്‍ക്ക് മുരളി മനോഹര്‍ ജോഷിയുടെ കത്ത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാന്‍ മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി രാം ലാല്‍ ഇന്ന് എന്നെ അറിയിച്ചു എന്നാണ് കത്തില്‍ പറയുന്നത്. മുരളി മനോഹര്‍ ജോഷിയേയും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയേയും മത്സരരംഗത്തുനിന്നും തെരഞ്ഞെടുപ്പ് പ്രചരണ ചുമതലകളില്‍ നിന്നും ബിജെപി ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജോഷിയുടെ കത്ത്.
 
പാര്‍ട്ടി തങ്ങളെ തഴഞ്ഞ രീതിയില്‍ മുരളി മനോഹര്‍ ജോഷിക്കും എല്‍.കെ അദ്വാനിക്കും കടുത്ത അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാം ലാല്‍ മുരളി മനോഹർ ജോഷിയെ സന്ദര്‍ശിച്ച് മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജോഷി അതിന് തയ്യാറായില്ല. താന്‍ അങ്ങനെ പറയണമെങ്കില്‍ അമിത് ഷാ നേരിട്ടുവന്ന് തന്നെ വിവരങ്ങള്‍ അറിയിക്കണമായിരുന്നെന്നാണ് ജോഷി മറുപടി നല്‍കിയത്.
 
കാണ്‍പൂരില്‍ വീണ്ടും മത്സരിക്കാന്‍ മുരളി മനോഹര്‍ ജോഷി തയ്യാറെടുക്കുന്നതിനിടെയായിരുന്നു ബി.ജെ.പി അദ്ദേഹത്തോട് മത്സരിക്കേണ്ടെന്ന് പറഞ്ഞത്. 2014ല്‍ മോദിക്കുവേണ്ടി മുരളി മനോഹര്‍ ജോഷി വാരാണസി സീറ്റ് ഒഴിഞ്ഞു കൊടുത്തിരുന്നു. 57% വോട്ടുകള്‍ നേടിയാണ് കാണ്‍പൂരില്‍ 2014ല്‍ ജോഷി ജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിനുശേഷം മാര്‍ഗദര്‍ശക് മണ്ഡലില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നുവെന്നാണ് ബിജെപി മാധ്യമങ്ങളോട് പറഞ്ഞത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍