യെമനെതിരെ ഇസ്രായേലിന്റെ അപ്രതീക്ഷിത ആക്രമണം, പ്രസിഡന്റിന്റെ കൊട്ടാരമടങ്ങുന്ന പ്രദേശം ആക്രമിച്ചു

അഭിറാം മനോഹർ

തിങ്കള്‍, 25 ഓഗസ്റ്റ് 2025 (12:08 IST)
യമന്‍ തലസ്ഥാനമായ സനായിലെ ഹൂത്തി സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഇസ്രായേല്‍. പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങളിലും വൈദ്യുത നിലയങ്ങളിലും ഇന്ധനസംഭരണ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. ഹൂത്തികളുടെ ഭാഗത്ത് നിന്നും ഇസ്രായേലിനെതിരെ നടക്കുന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നാണ് വിശദീകരണം.
 
ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടതായി ഹൂത്തി മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എണ്ണ കമ്പനിക്ക് നേരെ നടന്ന ആക്രമണത്തിലാണ് 2 പേരും കൊല്ലപ്പെട്ടത്. 5 പേര്‍ക്കാണ് പരിക്ക് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഹൂത്തികളുടെ അല്‍- മസിറ ടിവി റിപ്പോര്‍ട്ട് ചെയ്തതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. സനായിലെ പ്രസിഡന്റിന്റെ കൊട്ടാരം ഹൂത്തി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സൈനിക കോമ്പൗണ്ടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതാണ് ആക്രമണം നടത്താന്‍ കാരണമെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
 
 കഴിഞ്ഞ ദിവസം ഇസ്രായേലിന് നേരെ ഹൂത്തികള്‍ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചിരുന്നു.ഹമാസിനെതിരെ ഗാസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഹൂത്തികള്‍ പലസ്ഥീന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ചെങ്കടലില്‍ ഇസ്രായേലിന്റെ കപ്പലുകള്‍ ഹൂത്തികള്‍ ആക്രമിച്ചിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍