'കോണ്‍ഗ്രസ് എംഎല്‍എ' എന്ന ടാഗ് ലൈന്‍ ഇനി രാഹുലിനില്ല, പ്രത്യേക ബ്ലോക്കായി ഇരിക്കണം; മുതിര്‍ന്ന നേതാക്കള്‍ക്കു അതൃപ്തി

രേണുക വേണു

തിങ്കള്‍, 25 ഓഗസ്റ്റ് 2025 (12:45 IST)
കോണ്‍ഗ്രസ് എംഎല്‍എയായി രാഹുല്‍ മാങ്കൂട്ടത്തിലിനു തുടരാന്‍ സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി രാഹുലിനു തുടരാന്‍ സാധിക്കില്ലെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കി. 
 
കോണ്‍ഗ്രസ് എംഎല്‍എ അല്ലാത്തതിനാല്‍ രാഹുലിനു നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. കോണ്‍ഗ്രസിനു വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കില്ല. അതേസമയം എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സാങ്കേതികമായി സാധിക്കില്ലെന്നാണ് കെപിസിസിയുടെ വിശദീകരണം. 
 
രാഹുലിനെതിരെ പാര്‍ട്ടിയില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതുകൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ യുക്തിയില്ലെന്നും എല്‍ഡിഎഫിനും ബിജെപിക്കും അത് ആവശ്യപ്പെടാനുള്ള ധാര്‍മികതയില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. 
 
പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്കു അതൃപ്തിയുണ്ട്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് തന്നെയാണ് ഇവരുടെ ആവശ്യം. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍, മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍ എന്നിവരാണ് രാഹുലിനെതിരെ ശക്തമായി രംഗത്തുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍