വടകരയിൽ മുല്ലപ്പളളിയോ? അന്തിമ തീരുമാനം ഇന്ന്; നാലു സീറ്റുകളിലേക്കുളള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്നറിയാം

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (09:49 IST)
കേരളത്തിലെ നാലു സീറ്റുകളിലേക്ക് കൂടിയുളള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. വടകര മണ്ഡലത്തിൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്താൻ കഴിയാത്തതോടെയാണ് കേരളത്തിലെ പട്ടിക നീണ്ടു പോയത്. എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെതിരെ ദുർബലനായ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന ആവശ്യം ഹൈക്കമാൻഡിനു മുന്നിലെത്തിയതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ വീണ്ടും മത്സരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 
 
എന്നാൽ മത്സരിക്കാൻ താനില്ലെന്ന് തന്നെയാണ് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസ്‌നികിനോട് മുല്ലപ്പള്ളി ഇന്നലെയും വ്യക്തമാക്കിയത്. ശക്തനായ സ്ഥാനാർത്ഥി എന്ന നിലയിലും സിറ്റിങ് എംപി എന്ന നിലയിലുമാണ് കെപിസിസി പ്രസിഡന്റിനെ തന്നെ പരിഗണിക്കുന്നത്. ഇപ്പോൾ ഉയർന്നു കേൾക്കുന്ന പേരുകൾ ദുർബലമാണെന്ന് ആർഎംപിയും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.
 
വയനാട് മണ്ഡലം കിട്ടിയില്ലെങ്കിൽ മത്സരിക്കാനില്ലെന്ന ടി സിദ്ദിഖിന്റെ സമ്മർദ്ദ തന്ത്രം വിജയത്തിലെത്തുകയായിരുന്നു. എ ഗ്രൂപ്പിന്റെ ആവശ്യത്തിനു വഴങ്ങി ടി സിദ്ദിഖിനു വയനാട് നൽകാൻ ധാരണയായി എന്ന റിപ്പോർട്ടുകൾ ഇന്നലെ പുറത്തു വന്നിരുന്നു. പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്കു മുൻപ് ഉണ്ടാകുമെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article