വയനാടിന് വേണ്ടി കടിപിടി കൂടി കോൺഗ്രസ്; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രണ്ട് വഴിക്ക്?

തിങ്കള്‍, 18 മാര്‍ച്ച് 2019 (13:55 IST)
ലോൿസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥികളെ മത്സരിക്കുന്നതിനുള്ള ചർച്ചയിലാണ് ബിജെപിയും കോൺഗ്രസും. എൽ ഡി എഫ് മാത്രമാണ് നിലവിൽ എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ നിശ്ചയിച്ച പട്ടിക പുറത്തുവിട്ടത്. 
 
കോൺഗ്രസിന്റെ ചർച്ചകൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇക്കൂട്ടത്തിൽ ശ്രദ്ധേയമാകുന്നത് വയനാട് മണ്ഡലമാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഉമ്മൻചാണ്ടി പിടിവാശി തുടരുന്നതിൽ വ്യാപക അതൃപ്തി. നാല് സീറ്റിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാൻ ബാക്കി വച്ചിരുന്നെങ്കിലും വയനാട് സീറ്റിനെ ചൊല്ലി രൂക്ഷമായ തര്‍ക്കത്തിൽ പരിഹാരം കണ്ടെത്താനാകാത്ത സാഹചര്യത്തിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അനിശ്ചിതമായി നീളുന്ന സാഹചര്യമാണ്. 
 
ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന രീതിയിലാണ് സ്ഥാനാർത്ഥി നിർണയ ചർച്ചകളെന്ന രൂക്ഷ വിമര്‍ശനവുമായി വി എം സുധീരൻ രംഗത്തെത്തി. ഗ്രൂപ്പ് താൽപര്യവും കടുംപിടുത്തവും മാറ്റി വയ്ക്കാൻ നേതാക്കൾ തയ്യാറാകണമെന്നാണ് വിഎം സുധീരന്‍റെ ആവശ്യം. 
 
വയനാട് സീറ്റിൽ ഉമ്മൻചാണ്ടി കടുംപിടുത്തം തുടരുന്ന സാഹചര്യത്തിൽ ചര്‍ച്ച മതിയാക്കി മടങ്ങുകയാണ് ചെന്നിത്തല. കോൺഗ്രസിനുള്ളിൽ തന്നെ വയനാടിനു കടിപിടിയാണ്. വടകരയിലെ അവസ്ഥയും മറിച്ചല്ല.  വയനാട്ടിൽ ടി സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻചാണ്ടി. എന്നാലത് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്ന നിലപാടിലാണ് ചെന്നിത്തല അടക്കമുള്ളവര്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍