പ്രകടന പത്രിക പുറത്ത് വിട്ട് മിനുറ്റുകള്‍ക്കകം വെബ്ബ്‌സെറ്റ് നിശ്ചലമായി; ആളുകളുടെ തള്ളിക്കയറ്റം മൂലമെന്ന് കോണ്‍ഗ്രസ്

Webdunia
ബുധന്‍, 3 ഏപ്രില്‍ 2019 (10:20 IST)
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. പത്രിക ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി manifesto.inc.in എന്ന സൈറ്റും കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു.കോണ്‍ഗ്രസ് പകടന പത്രിക പുറത്ത് വിട്ട് മിനുറ്റുകള്‍ക്കകം വെബ്ബ്‌സൈറ്റ് തകര്‍ന്നു. ആളുകള്‍ തള്ളിക്കയറിയത് മൂലമാണ് സൈറ്റ് തകര്‍ന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. തകരാറ് ഉടന്‍ തന്നെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി ട്വീറ്റും ചെയ്തിട്ടുണ്ട്.
 
രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്. പ്രകടന പത്രികയിലാണ് ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് എടുത്ത് കളയുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്. വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനുളള നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്നും 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തതിന് വിചാരണ തടവുകാരായി തുടരുന്നവരെ ഉടന്‍ വിട്ടയക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ്.
 
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തില്‍ വരുത്തുന്ന ഭേദഗതിയാണ് മറ്റൊരു പ്രധാന വാഗ്ദാനം. ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് അഫ്‌സ്പ പരിരക്ഷ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കുന്നു.മാനനഷ്ടം സിവില്‍ കുറ്റമായി മാറ്റും. മൂന്നാംമുറ തടയുന്നതിനുളള പ്രത്യേക നിയമം പാസാക്കും. തടവുകാരുടെ മനുഷ്യാവകാശം ഉറപ്പുവരുത്തും. അന്വേഷണ ഏജൻസിയുടെ സ്വതന്ത്രാധികാരങ്ങൾ സിആര്‍പിസിയുടേയും എവിഡൻസ് ആക്ടിന്‍റെയും പരിധിയിലാക്കും, ജയിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു
 
തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയും മുഖ്യ വിഷയമാക്കിയുളളതാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. മിനിമം വരുമാനം വാഗ്ദാനം ചെയ്യുന്ന ന്യായ് പദ്ധതിയാണ് മുഖ്യആകര്‍ഷണം.
കര്‍ഷകര്‍ യുവാക്കള്‍, ന്യൂനപക്ഷം എന്നിവര്‍ക്കാണ് മുഖ്യ പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.സ്ത്രീസുരക്ഷ രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ മുഖ്യധാരയിലെത്തിക്കും.ഞങ്ങള്‍ നടപ്പാക്കും എന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന മുദ്രാവാക്യം.
 
രാജ്യം ഏറെ നുണകള്‍ കേട്ടുവെന്നും, നുണകള്‍ ഇല്ലാത്ത പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേതെന്നും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി വിഷയമാക്കുന്നത് തീവ്രദേശീയ വാദമാണെന്നും വികസിതവും ശക്തവുമായ ഇന്ത്യയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും പ്രകടന പത്രിക പുറത്തുവിട്ടുകൊണ്ടുളള ചടങ്ങില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
 
ഉത്പാദന ക്ഷമതയും പുരോഗതിയും ഒരുപോലെ വര്‍ധിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. ന്യായ പദ്ധതി, ജമ്മുകശ്മീരിനായുളള വികസന അജന്‍ണ്ട, ജിഎസ്ടി രണ്ടു സ്ലാബുകളിലാക്കി കുറക്കുക എന്നീ വാഗ്ദാനങ്ങളും കോണ്‍ഗ്രസ് നല്‍കുന്നു. അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ സൈന്യത്തിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും ഉളള പ്രത്യേക അധികാരങ്ങള്‍ എടുത്തുകളയും, ലോക്‌സഭയിലും രാജ്യസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലെ പത്ത് ലക്ഷം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുളള പദ്ധതി ഏര്‍പ്പെടുത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article