രാഘവനെതിരായ കോഴ ആരോപണം: ഒളിക്യാമറ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന വേണ്ടി വരുമെന്ന് കളക്ടറുടെ റിപ്പോർട്ട്

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (10:21 IST)
കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവന്‍ അനധികൃത ഭൂമിയിടപാടിന് അഞ്ചുകോടി രൂപ കോഴ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ടെന്ന ഒളിക്യാമറ വിവാദത്തില്‍ ജില്ലാ കളക്ടര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.

രാഘവന് എതിരായ ആരോപണം ഗൗരവമേറിയതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയത്.
 
ടിവി9 ചാനല്‍ പുറത്തു വിട്ട ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന വേണ്ടി വരുമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നോയെന്ന് മനസ്സിലാക്കണമെങ്കില്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതും ശബ്ദത്തില്‍ മാറ്റം വരുത്തിയതുമാണെന്നുമാണ് എംകെ രാഘവന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചത്.ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. സിപിഐഎം വ്യക്തിപരമായി വേട്ടയാടുകയാണെന്നും ജില്ലാ നേതൃത്വമാണ് ഇതിന്റെ പിന്നിലെന്നും എംകെ രാഘവന്‍ ഇന്നലെ പറഞ്ഞിരുന്നു.
 
കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച സംഘത്തോട് എം കെ രാഘവന്‍ കോഴ ആവശ്യപ്പെട്ടെന്ന് ആരോപിക്കുന്ന വീഡിയോ ദേശീയ വാര്‍ത്താചാനലായ ടിവി 9 ഭാരത് വര്‍ഷ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ടിവി9 ന്റെ റിപ്പോര്‍ട്ടറുടെ പ്രത്യേക സംഘമാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തിയത്. റിപ്പോര്‍ട്ടര്‍മാര്‍ കണ്‍സള്‍ട്ടന്‍സി കമ്പനി ഉടമകളായെത്തിയായിരുന്നു ഓപ്പറേഷന്‍. ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയില്‍നിന്നുള്ള ആളുകളാണെന്നും തങ്ങളുടെ സിങ്കപ്പൂര്‍ ആസ്ഥാനമാക്കിയുള്ള ഒരു ഉപഭോക്താവിന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചാണ് ഇവര്‍ എംപിയെ കാണാനെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article