അഞ്ചു കോടിയുടെ കോഴ ആരോപണത്തിന് മറുപടിയില്ല; പത്രസമ്മേളനത്തില്‍ വികാരാധീനനായി എംകെ രാഘവന്‍

വ്യാഴം, 4 ഏപ്രില്‍ 2019 (18:16 IST)
അഞ്ചു കോടി രൂപയുടെ കോഴ ആരോപണം നേരിടുന്ന കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞു.

ആരോപണങ്ങൾക്ക് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വമാണ്. സിപിഎം വ്യക്തിഹത്യ നടത്തുകയാണ്. ഇനി തന്നെ അപമാനിക്കാൻ ബാക്കിയില്ല. ഇന്നല്ലെങ്കിൽ നാളെ ഗൂഢാലോചന പുറത്തുവരും.

കോഴ ആരോപണം തനിക്കെതിരായി കെട്ടിച്ചമച്ചതാണ്. തന്റെ പൊതു പ്രവര്‍ത്തനത്തെക്കുറിച്ചും ബാങ്ക് ബാലന്‍സും,  മറ്റ് സമ്പാദ്യത്തെക്കുറിച്ചും ആര്‍ക്കുവേണമെങ്കിലും അന്വേഷിക്കാം. ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യക്തഹത്യ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലൂടെ ഉണ്ടായ വ്യക്തിഹത്യ അടക്കമുള്ള കാര്യങ്ങളില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എംകെ രാഘവന്‍ പറഞ്ഞു.

അതേസമയം, ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ എംകെ രാഘവന് കഴിഞ്ഞില്ല. ആരോപണങ്ങൾക്ക് എണ്ണിപ്പറഞ്ഞ് മറുപടി പറയുന്നതിന് പകരം വികാരാധീനനായിട്ടാണ് രാഘവൻ വാർ‍ത്താ സമ്മേളനത്തിൽ സംസാരിച്ചത്.

ഒരു കൺസൾട്ടൻസി സ്ഥാപനത്തിന്റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തെരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനലായ ‘ടിവി ‘9’ പുറത്ത് വിട്ടത്. പഞ്ചനക്ഷത്ര ഹോട്ടൽ തുടങ്ങാൻ പത്ത് മുതൽ പതിനഞ്ചേക്കർ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപ്പറേഷൻ.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനംചെയ്ത ചാനല്‍ സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതിയെന്നാണ് എംപി പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍