സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തവർക്കേ വയനാടിന്റെ ചരിത്രം മനസ്സിലാവുകയുള്ളൂ; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (13:06 IST)
വയനാടിനെ പാക്കിസ്ഥാനുമായി ഉപമിച്ച ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെപ്പറ്റി വല്ലതും അമിത്  ഷായ്ക്ക് അറിയുമോയെന്നും സ്വാതന്ത്ര്യസമരത്തിൽ എന്തെങ്കിലും പങ്കു വഹിച്ചവർക്കേ അത്തരം ചരിത്രങ്ങൾ അറിയാനാകുകയുള്ളുവെന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് ബ്രിട്ടീഷുകാർക്കെതിരായ ഈ രാജ്യത്തിന്റെ പോരാട്ടത്തിൽ വയനാട് വഹിച്ച പങ്കിനെപ്പറ്റി എന്തെങ്കിലും അറിയാമോ. പഴശ്ശിരാജയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ അണി നിരന്നത് വയനാട്ടിലെ കുറിച്യപടയായിരുന്നു. ആ ധാരണയുണ്ടായിരുന്നെങ്കിൽ വയനാടിനെ പാക്കിസ്ഥാനുമായി ഉപമിക്കാൻ കഴിയില്ലായിരുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.
 
കൽപ്പറ്റയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ഇടതുപക്ഷത്തിന് ഒരിക്കലും ഭീഷണിയല്ല. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ മറ്റെല്ലായിടത്തെയും പോലെ തന്നെയാണ് ഇടതുപക്ഷം വയനാട്ടിലെ മത്സരത്തെയും കാണുന്നത്. രാഹുൽഗാന്ധിയെ വയനാട്ടിലെ ജനങ്ങൾ തോൽപ്പിക്കുമെന്ന് ഉറപ്പാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
 
നാമനിർദേശ പത്രിക നൽകാനായി വയനാട്ടിലെത്തിയപ്പോൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് അമിത് ഷായുടെ വിവാദ പരാമർശമുണ്ടായത്. വയനാട് ഇന്ത്യയിലാണോ അതോ പാക്കിസ്ഥാനിലാണോയെന്നായിരുന്നു റോഡ് ഷോയിലെ മുസ്ലീം ലീഗിന്റെ പതാകകളെ ഉദ്ദേശിച്ച് അമിത് ഷായുടെ ചോദ്യം. റോഡ് ഷോ കണ്ടാൽ അതു നടന്നത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും അത്തരമൊരു സീറ്റാണ് രണ്ടാം മണ്ഡലമായി രാഹുൽ തെരഞ്ഞെടുത്തതെന്നുമായിരുന്നു അമിത് ഷായുടെ പരാമർശം. നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേയായിരുന്നു പരാമർശം.

അനുബന്ധ വാര്‍ത്തകള്‍

Next Article