വയനാടിനെക്കുറിച്ച് വിവാദപരാമര്‍ശവുമായി അമിത് ഷാ; രാഹുല്‍ മത്സരിക്കുന്നത് ഇന്ത്യയിലോ പാകിസ്ഥാനിലോ ?

ബുധന്‍, 10 ഏപ്രില്‍ 2019 (10:05 IST)
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടിനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ലെന്ന് അമിത് ഷാ നാഗ്പൂരില്‍ പ്രസംഗിച്ചു.
 
നേരത്തെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലീം ലീഗിനെതിരെ ബിജെപി അഴിച്ചു വിടുന്ന വര്‍ഗീയ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് അമിത് ഷായുടെ പരാമര്‍ശം. ഏപ്രില്‍ നാലിന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയൊണ് നാഗ്പൂരില്‍ അമിത് ഷാ പാകിസ്ഥാനാക്കി മാറ്റാന്‍ ശ്രമിച്ചത്.
 
രാഹുല്‍ സഖ്യമുണ്ടാക്കുന്നതിനായി കേരളത്തിലെ ഒരു റാലി നടക്കുമ്പോള്‍ ഇന്ത്യയാണോ പാകിസ്ഥാനാണോ എന്ന് മനസിലാവാത്ത ഒരു സീറ്റിലേക്ക് പോയി, എന്തിനാണ് രാഹുല്‍ ആ സീറ്റില്‍ പോയി മത്സരിക്കുന്നതെന്നും ആര്‍ക്കും മനസിലാവില്ല, എന്നായിരുന്നു അമിത് ഷായുടെ പരാമർശം.
 
നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും മുസ്ലീം ലീഗിനെ വര്‍ഗീയ കക്ഷിയാക്കി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുസ്ലിം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഒരു വൈറസാണെന്നും രാഹുല്‍ ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു യോഗിയുടെ ട്വീറ്റ്.
 
രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് മുതല്‍ വയനാടിനെ കുറിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ കുപ്രചരണം നടത്തുന്നുണ്ട്. മുസ്ലീം ലീഗിന്റെ പതാക പാകിസ്താന്‍ പതാകയായി ചിത്രീകരിച്ചും പ്രചരണങ്ങളും മുന്‍പ് നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍