തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം അവസാനിക്കുമ്പോള്‍ കേരളത്തിലെ പ്രചാരണത്തിന്റെ അജണ്ടകള്‍ മാറുന്നുവോ?
ചൊവ്വ, 9 ഏപ്രില്‍ 2019 (17:39 IST)
ലോക്സഭാ തെരഞ്ഞെടുപ്പിലെക്കുള്ള ആദ്യഘട്ട പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് കടക്കാൻ പോവുകയാണ്. തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ടകൾ മാറി എന്ന് തന്നെ പറയാം ഈ അവസരത്തിൽ. ദേശീയ തലത്തിലെ ബിജെപിയുടെ പ്രവർത്തനം എങ്ങനെ ബാധിക്കുന്നു ജനങ്ങളെ അല്ലെങ്കിൽ അഞ്ച് വർഷക്കാലത്തെ അവരുടെ പ്രവർത്തക മികവ് എങ്ങനെയായിരുന്നു എന്നായിരുന്നു ആദ്യഘട്ട പ്രചാരണത്തിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ അത് സംസ്ഥാന രാഷ്ട്രീയ ചർച്ചകളിലേക്ക് വഴി മാറി എന്നത് തന്നെയാണ് ഏറ്റവും വലിയ മാറ്റമായി വന്നിരിക്കുന്നത്.
പ്രധാനമായും ദേശീയ രാഷ്ട്രീയത്തിൽ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്കാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് അജണ്ട മാറിയിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനം എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വവും അതിനെ തുടർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലീം ലീഗിനെ കുറിച്ച് നടത്തിയ പരാമർശവും. രണ്ടാമത്തെ വിഷയം എന്ന് പറയുന്നത് ശബരിമല വിഷയം വീണ്ടും പ്രചാരണ വിഷയം ആക്കിക്കൊണ്ടിരിക്കുന്ന ബിജെപിയുടെ നിലപാടാണ്.
മൂന്നാമത്തെ വിഷയം ഇപ്പോൾ വിവാദമായ കിഫ്ബിയിലെ മസാല ബോണ്ട് വിഷയം. ഈ മൂന്ന് വിഷയങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് അജണ്ടയായി മാറുന്നത്. ആരും പ്രതീക്ഷിക്കാതിരുന്ന ഒരു വാർത്തയായിരുന്നു കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാവും എന്നത്. ഇതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യമാണ് മാറിയിരിക്കുത്. ഇതോടെ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. ഈയവസരത്തിലും ബിജെപി അവരുടെ പങ്ക് വ്യക്തമായി എടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരേന്ത്യൻ പ്രചാരണത്തിനിടയിൽ പറഞ്ഞത് കോൺഗ്രസിനെ ബാധിച്ച വൈറസാണ് മുസ്ലീം ലീഗ് എന്നാണ്. കേരളത്തിലെ മുസ്ലീം ലീഗിനെ യോഗി ഉപമിച്ചത് രാജ്യം വിഭജിക്കണമെന്ന് ആവശ്യപ്പെട്ട മുഹമ്മദ് ജിന്നയുടെ പാർട്ടിയുമായിട്ടാണ്. അവരും കോൺഗ്രസും തമ്മിൽ ചേർന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് എന്ന തരത്തിലുള്ള വ്യാജ പ്രചാരണമാണ് ഉത്തരേന്ത്യയിൽ ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
കിഫ്ബിയുമായി ബന്ധപ്പെട്ടാണ് മസാല ബോണ്ട് വിവാദം ഉണ്ടായിരിക്കുന്നത്. കിഫ്ബിക്കു സാമ്പത്തിക സഹായം നൽകുന്നത് സിഡിപിക്യൂ എന്നൊരു ക്യനേഡിയൻ കമ്പനിയാണ്. 75 രാജ്യങ്ങളിലായി 15 കോടി ലക്ഷം രൂപ നിക്ഷേപിച്ചിട്ടുള്ള ഒരു കമ്പനിയാണിത്.ഈ കമ്പനിയുടെ ഷെയറിൽ 20 ശതമാനം എന്ന് പറയുന്നത് കരിമ്പട്ടികയിലുള്ള ലാവ്ലിൻ എന്ന കമ്പനിക്കാണ് എന്നതാണ് ഇപ്പോൾ വിവാദത്തിനു വഴിയൊരുക്കിയിരിക്കുന്നത്. ഇതിൽ വിവാദ ഭാഗം എന്ന് പറയുന്നത് അവർ തരുന്ന ധനസഹായത്തിന് 9.84 ശതമാനം പലിശ ഈടാക്കുന്നു എന്നതാണ്. ഇതിൽ അഴിമതി ഉണ്ടോ ഇല്ലയോ എന്ന് വരുംദിവസങ്ങളിലെ അറിയാൻ സാധിക്കൂ. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലെ ഇത് ചർച്ചകൾക്കും വഴിതെളിയും.
ഈ മൂന്ന് വിഷയങ്ങളും ഇടതുപക്ഷത്തിന് വെല്ലുവിളിയാണ് ഉയർത്തുന്നത്. ശബരിമല വിഷയം വീണ്ടും ഉയർന്നുകൊണ്ടുവന്നിരിക്കുകയാണ് ബിജെപി വീണ്ടും. സുരേഷ് ഗോപിയുടെ പരാമർശം വൻ വിവാദത്തിലെക്കാണ് വഴിതെളിച്ചത്. ബിജെപി പ്രകടനപത്രികയിൽ ശബരിമലയിലെ വിശ്വാസം സംരക്ഷിക്കും എന്നാണ് അവർ വ്യക്തമാക്കുന്നത്. ഇതൊക്കയും ബിജെപി ശബരിമല വീണ്ടും ചർച്ചയാക്കും എന്നാണ് മനസ്സിലാവുന്നത്.
ഈ തെരഞ്ഞെടുപ്പിൽ ആദ്യം മേൽകൈ നേടിയത് ഇടതുപക്ഷമായിരുന്നു. ആദ്യം സ്ഥാനാർത്ഥികളെ അവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എപ്പോൾ വിവാദങ്ങൾ ഇടതുപക്ഷത്തെ ചുറ്റിപ്പറ്റിയാണ് ഇരിക്കുന്നത്. തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ചയാണ് ബാക്കിയുള്ളത്. ഇനിയും ഈ വിഷയങ്ങൾ മാറി മറിയാം. അതുകൊണ്ട് കാത്തിരുന്ന് തന്നെ കാണണം.