മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ കേരള സർക്കാരിനെ വെല്ലുവിളിച്ച് അമിത് ഷാ

തിങ്കള്‍, 8 ഏപ്രില്‍ 2019 (13:45 IST)
മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ ധൈര്യമുണ്ടോ എന്ന് കേരള സർക്കാരിനെ വെല്ലുവിളിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം തടയുന്നതുൾപ്പെടെ സുപ്രീംകോടതിയുടേതായി നിരവധി നിർദ്ദേശങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അതൊന്നും നടപ്പിലാക്കാതെ ശബരിമലയുടെ കാര്യത്തിൽ മാത്രം സർക്കാർ നിർബന്ധം പിടിക്കുന്നത് എന്തിനെന്നും അമിത് ഷാ ചോദിച്ചു.
 
‘ദ വീക്ക്’ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യങ്ങൾ പറഞ്ഞത്. ശനി ഷിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിട്ട് ഇപ്പോൾ ശബരിമലയിൽ അതേ പ്രശ്നം ഉടലെടുത്തപ്പോൾ അതിനെ എതിർക്കുന്നതെന്തിനെന്ന് ചോദ്യങ്ങൾ ഉയർന്നു. അപ്പോൾ അത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ സുപ്രീംകോടതി വിധിയുടെ മറവിൽ ഭഗവാൻ അയ്യപ്പനെതിരെ പ്രവർത്തിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. 
 
യുവതികൾക്ക് ശബരിമല പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയുടെ മറവിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വിശ്വാസങ്ങൾക്ക് മുറിവേൽപ്പിക്കുകയാണെന്നും ശബരിമലയിൽ ആക്രമണം അഴിച്ചുവിടുകയാണെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി. വിശ്വാസികൾക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും അമിത് ഷാ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍