ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് എന്ന വാദം ഉന്നയിച്ച് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി തുടരണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന് ഏറ്റ തിരിച്ചടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധി. ഭരണഘടനയിലെ 158 വര്‍ഷം പഴക്കമുള്ള 497ആം വകുപ്പ് റദ്ദ് ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്.
വിവാഹിതയായ സ്ത്രീയുമായി ഒരു പുരുഷന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ പ്രസ്താവിച്ചു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം ഏങ്ങനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നത്. സ്ത്രീയ്ക്കും പുരുഷനും തുല്യാവകാശവും തുല്യ നീതിയുമാണ്. ഭാര്യ ഭർത്താവിന്റെ ഉടമ അല്ലെന്നും കോടതി നിരീക്ഷിച്ചു.
നിലവില്‍ പുരുഷന്‍ മാത്രമാണ് 497ആം വകുപ്പിന്‍റെ പരിധിയില്‍ വരുന്നത്. അതിനാല്‍ സ്ത്രീകളെ കൂടി കുറ്റവാളികളാക്കണമെന്നാണ് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടത്. വിവാഹത്തിന്‍റെ പരിശുദ്ധി നിലനിര്‍ത്തുന്നതിന് വേണ്ടി ഈ നിയമം റദ്ദാക്കരുതെന്നും വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.
നേരത്തേ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ ഇരയും പുരുഷനെതിരെ ക്രിമിനല്‍ കുറ്റവും നിലനിന്നിരുന്നു. നിലവിലെ നിയമപ്രകാരം പുരുഷനെ ശിക്ഷിക്കാൻ മാത്രമെ വ്യവസ്ഥയുള്ളു. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധമാണെന്നും പ്രവാസി മലയാളിയായ ജോസഫ് ഷൈൻ നൽകിയ ഹർജിയിൽ പറയുന്നു.
ഉഭയ സമ്മതത്തോടെ ഒരാൾ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടാൽ അയാൾ എന്തിന് ജയിലിൽ പോകണം എന്നായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. ദീപക് മിശ്ര പുറപ്പെടുവിച്ച പ്രസ്താവം സ്ത്രീ സ്വാതന്ത്ര്യത്തിലേക്കുള്ള നിര്‍ണായക വിധിയാണെന്നാണ് വിലയിരുത്തല്‍.
ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ ചരിത്ര വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ സ്വവര്‍ഗ്ഗ അനുരാഗത്തെ അനുകൂലിച്ച്, ക്രിമിനല്‍ കുറ്റമായിരുന്ന 377ആം വകുപ്പ് കോടതി റദ്ദാക്കിയിരുന്നു.