മലപ്പുറം സ്ഫോടനം: നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി, പെന്‍ഡ്രൈവില്‍ പാര്‍ലമെന്‍റിന്‍റെ ചിത്രം

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (17:19 IST)
മലപ്പുറം കളക്‍ട്രേറ്റ് വളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വഴിത്തിരിവ്. സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ പെന്‍‌ഡ്രൈവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണി ഉള്‍പ്പെടുന്നു.
 
പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും വധിക്കുമെന്നാണ് ഭീഷണിയുള്ളത്. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ചിത്രങ്ങളും പാര്‍ലമെന്‍റിന്‍റെ ചിത്രവും പെന്‍ഡ്രൈവില്‍ ഉണ്ട്. ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ പെട്ടിക്കുള്ളില്‍ നിന്നും ലഭിച്ച പെന്‍ഡ്രൈവില്‍ നേരത്തെ മറ്റ് സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളുമുണ്ട്. ഇതോടെ എന്‍ ഐ എയുടെ അന്വേഷണം കൂടുതല്‍ ഗൌരവത്തോടെയായി.
 
സ്ഫോടനത്തേത്തുടര്‍ന്ന് മലപ്പുറം കളക്‍ട്രേറ്റിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്ന് ജില്ലാ കളക്‍ടര്‍ അറിയിച്ചു. കളക്‍ട്രേറ്റ് വളപ്പില്‍ സി സി ടി വി സ്ഥാപിക്കും. കളക്ട്രേറ്റിലെ സ്ഫോടനത്തേക്കുറിച്ച് ഗൌരവപൂര്‍ണമായ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
 
കൊല്ലത്തും മലപ്പുറത്തും സ്‌ഫോടനം നടത്തിയത് ഒരേ സംഘടന തന്നെയാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരിക്കുന്നത്. മലപ്പുറം എസ്പിയാണ് ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറായുള്ള കേരള പൊലീസ് സംഘത്തിന്‍റെ അന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മേല്‍നോട്ടം നടത്തുന്നുണ്ട്.
Next Article