ദിലീപിനെതിരെ മഞ്ജു മുഖ്യ സാക്ഷിയാകുന്നതിന് കാരണമുണ്ട്! - രഹസ്യ നീക്കം പാളുന്നു?

Webdunia
ബുധന്‍, 19 ജൂലൈ 2017 (11:59 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം, കേസില്‍ നടി മഞ്ജു വാര്യര്‍ മുഖ്യ സാക്ഷി ആയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വ്യക്തി വൈരാഗ്യം മൂലമാണ് നടിയെ ദിലീപ് ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
 
കേസില്‍ ദിലീപിന്റെ പങ്ക് തെളിയിക്കുന്നതിനായി വേണ്ട തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ലങ്കില്‍ താരം കൈവീശി ഇറങ്ങിവരും. അങ്ങനെയൊന്ന് ഉണ്ടായാല്‍ അന്വേഷണ സംഘത്തിന് പലരോടും മറുപടി നല്‍കേണ്ടിയും വരും. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ മഞ്ജുവിനെ മുഖ്യ സാക്ഷിയാക്കാന്‍ പൊലീസ് തീ‍രുമാനിച്ചതെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
‘നടി തന്റെ സ്വകാര്യ ജീവിതത്തില്‍ കടന്നുകയറുകയും അതു മൂലമാണ് തന്റെ ആദ്യ വിവാഹം തകര്‍ന്നതെന്നും അതിനാലാണ് നടിയെ ആക്രമിച്ചതെന്നും‘ ദിലീപ് പറഞ്ഞതായി പൊലീസ് പറയുന്നു. വ്യക്തി വൈരാഗ്യമായിരുന്നു എല്ലത്തിനും കാരണമെന്ന് നടന്‍ മൊഴി നല്‍കിയെന്നും പൊലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 
 
എന്നാല്‍, ദിലീപിന്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിചാരണ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നാണ് നിയമ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. പൊലീസ് പറയുന്ന കാര്യങ്ങളാണ് വിവാഹ മോചനത്തിന് കാരണമെങ്കില്‍ ആദ്യം വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കേണ്ടിയിരുന്നത് മഞ്ജു ആയിരുന്നില്ലേ എന്നൊരു ചോദ്യം ഉയരും. ഇവിടെ ദിലീപ് തന്നെയാണ് ആദ്യം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത് എന്നത് പ്രതിഭാഗത്തിന് ചൂണ്ടിക്കാണിക്കാന്‍ നല്ലൊരു പിടിവള്ളി തന്നെയാണ്.
 
ഇക്കാര്യം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുക കൂടി ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം മഞ്ജു വാര്യരെ സാക്ഷിയാക്കുന്നതിലേക്ക് കടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിനെയെല്ലാം സാധൂകരിക്കുന്ന രീതിയിലുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നതും വസ്തുതയാണ്.
 
ദിലീപ് പെട്ടന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയാന്‍ മഞ്ജുവിന്റെ മൊഴിക്ക് കഴിഞ്ഞേക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. എന്നാല്‍, ആത്യന്തികമായി വിചാരണ വേളയില്‍ ഈ സാക്ഷിമൊഴി പ്രോസിക്യൂഷന് തിരിച്ചടിയാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് വര്‍ഷം മുന്‍പ് ദിലീപ് ആയിരുന്നു ആദ്യം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്.
 
അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹമോചന ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ വില്ലന്‍മാരും യഥാര്‍ത്ഥത്തില്‍ പിരിയാനുള്ള കാരണവുമുണ്ടെന്ന് ദിലീപ് അടുത്തയിടെയും പറഞ്ഞിരുന്നു. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചന അതിരുവിട്ടാല്‍ രഹസ്യം പരസ്യമാക്കേണ്ടി വരുമെന്നാണ് മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദിലീപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
 
രഹസ്യ വിചാരണ വേണമെന്നുമുള്ള ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചതിനാല്‍ മാത്രമാണ് ഇതുവരെ ദിലീപിന്റെ ഹര്‍ജിയിലെ ‘കാരണങ്ങള്‍ ‘പുറം ലോകം അറിയാതിരുന്നത്. അതേസമയം, കുറ്റങ്ങള്‍ ദിലീപിന് മേല്‍ ചാര്‍ത്തപ്പെടുമ്പോഴും ദിലീപുമായി വ്യക്തിപരമായ അടുപ്പം ഇല്ല എന്നതല്ലാതെ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടെന്ന് ഇതുവരെ ആക്രമിക്കപ്പെട്ട നടി പറഞ്ഞിട്ടില്ല. ഇതെല്ലാം ദിലീപിന് അനുകുലമാക്കാനുള്ള വഴിയിലാണ് അഭിഭാഷകന്‍.
Next Article