നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ കുടുങ്ങിയതല്ല ‘സ്രാവ്’ എന്ന് മുഖ്യപ്രതി പൾസർ സുനി. ഈ കേസിൽ ഇനിയും ഒരുപാട് പ്രതികളുണ്ട്. അതികം വൈകാതെതന്നെ ആ വമ്പന്‍ സ്രാവ് കുടുങ്ങുമെന്നും കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോള്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പൾസർ സുനിയുടെ റിമാൻഡ് അങ്കമാലി മജിസ്ട്രേട്ട് കോടതി നീട്ടുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. നേരത്തെ അപ്പുണ്ണിയെ പൊലീസ് ഒരുതവണ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും അപ്പുണ്ണി എത്തിയിരുന്നില്ല. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചത് അപ്പുണ്ണിയാണെന്നാണ് വിവരം.
ഈ സംഭവത്തിലെ ഗൂഢാലോചനയില്‍ അപ്പുണ്ണി ഉള്‍പ്പെട്ടതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്നും അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് പറയുന്നു. അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടാതെ അപ്പുണ്ണിയെ നിലവില്‍ കിട്ടിക്കൊണ്ടിരുന്ന അഞ്ച് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.