തിരുവനന്തപുരത്ത് ‘അമ്മ സ്റ്റൈല്‍’ പ്രചരണവുമായി ബിജു രമേശ്

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2016 (16:59 IST)
എം ജി ആറിന്‍റെ സിനിമാ രാഷ്ട്രീയ വിജയങ്ങള്‍ക്ക് കരുത്തേകിയ ടി എം സൌന്ദരരാജന്‍റെ ഗാനങ്ങളായ 'നാന്‍ ഏന്‍ പിറന്തേന്‍...' എന്ന ഗാനത്തോടെ ദിവസവും രാവിലെ ആറു മണിക്കു തന്നെ തലസ്ഥാന നഗരിയുടെ മിക്ക സ്ഥലങ്ങളിലും ആരംഭിക്കുന്ന എ ഐ എ ഡി എം കെയുടെ തെരഞ്ഞെടുപ്പ് പ്രചരണം കേട്ടാണ് ജനം ഉണരുന്നത്. തുടര്‍ന്ന് 'പൊങ്കല്‍ ദിവസം അരി, സാരി എന്നിവ തന്നത് യാര്‍? എന്ന ചോദ്യവും തുടര്‍ന്ന് "അമ്മ" എന്ന ഉത്തരവും പിന്നെ ഫ്രീമൊബൈല്‍, ഫ്രീ സൈക്കിള്‍, ഫ്രീ ടി വി എന്നിവ തന്നത് യാര്‍ എന്നതിനും അമ്മ എന്ന ഉത്തരം ഉണ്ടാവും. പിന്നീട് തമിഴ്നാട്ടില്‍ ജയലളിതയുടെ ഭരണ നേട്ടങ്ങളും ഇത് കേരളത്തിലും വരും എന്നും ഉള്ള പ്രഖ്യാപനങ്ങളാണ് വരുന്നത്. തലസ്ഥാന നഗരിയില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എ ഐ എ ഡി എം കെയുടെ പ്രചരണ ശൈലിയാണിത്.
 
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത എന്ന അമ്മയുടെ ആശീര്‍വാദത്തോടെ അനന്തപുരിയില്‍ എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥിയായി ഡോ ബിജു രമേശ് മത്സരിക്കാന്‍ ഇറങ്ങിയത് തീര്‍ത്തും ആലോചിച്ചുറപ്പിച്ച ശേഷമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ യു ഡി എഫിന് വേണ്ടി നിലവിലെ എം എല്‍ എയും മന്ത്രിയുമായ ശിവകുമാറും എല്‍ ഡി എഫിന് വേണ്ടി ആന്‍റണി രാജുവും ബി ജെ പിയ്ക്ക് വേണ്ടി ശ്രീശാന്തുമാണ് മത്സരരംഗത്തുള്ളത്.
 
ജയലളിതയ്ക്ക് തലസ്ഥാന നഗരിയില്‍ ഇവര്‍ക്കെതിരെ മികച്ച ഒരു സ്ഥാനാര്‍ത്ഥിവേണം, ബിജുരമേശിന് തന്‍റേതായ ഒരു സ്ഥാനവും നേടണം. തനിക്കൊരു പ്രശ്നം വന്നപ്പോള്‍ തന്നെ രക്ഷിക്കാനോ ആശ്വസിപ്പിക്കാനോ ആരും വന്നില്ല എന്നതും രമേശിനൊരു പ്രശ്നമായി. ഈ കാരണങ്ങളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജു രമേശിനെ പ്രേരിപ്പിച്ചത്.
 
ജയലളിതയ്ക്ക് കേരളത്തിലെ വോട്ടര്‍മാരില്‍ തന്‍റേതായ ഒരു സ്ഥാനമുണ്ട് എന്നു കാണിക്കാന്‍ പറ്റിയ അവസരമായാണ് തലസ്ഥാന നഗരിയില്‍ ബിജു രമേശിന്‍റെ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. ഇതിനായി തമിഴ്നാട്ടില്‍ നിന്നുള്ള ഒട്ടേറെ നേതാക്കള്‍ മണ്ഡലത്തില്‍ എത്തിക്കഴിഞ്ഞു. തമിഴ്ജനതയില്‍ നല്ലൊരു ശതമാനം വോട്ടു നേടാനാണ് ഇവരുടെ ഇപ്പോഴത്തെ ശ്രമം. ഇതില്‍ കാര്യമായ നേട്ടം കൈവന്നാല്‍ എല്‍ ഡി എഫ്, യു ഡി എഫ്, എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ വോട്ടില്‍ നല്ലൊരു പങ്ക് നഷ്ടപ്പെടും എന്നുറപ്പാണ്. ജയപരാജയങ്ങളേക്കാള്‍ ബിജു രമേശിന്‍റെ ല‍ക്ഷ്യം പരമാവധി വോട്ടു പിടിക്കുക എന്നതാണ്. 
 
ഇടുക്കിയിലെ ദേവികുളം, പീരുമേട്, ദേവികുളം എന്നീ  മണ്ഡലങ്ങളിലും ജയലളിതയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഇവിടെയെല്ലാം തന്നെ എ ഐ എ ഡി എം കെ യുടെ സ്വാധീനം ശക്തമാണ് എന്നു തെളിയിക്കുക എന്നതു തന്നെയാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യം. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article