എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തില്‍ സാഹിത്യ ലോകത്തെയും രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ അനുശോചനമറിയിച്ചു. പുനത്തിലിന്റെ എഴുത്തിന് പകരം വെക്കാനാവുന്ന മറ്റൊരു മാതൃക മലയാളത്തിലില്ലെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ പ്രതികരിച്ചു.
'പുനത്തിലിനെ പോലെ ഉള്ളുതുറന്ന് സ്‌നേഹിക്കുന്ന വ്യക്തിത്വങ്ങള്‍ സാഹിത്യലോകത്ത് കാണില്ല. എന്തും തുറനന്നെഴുതാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. പുനത്തിലിന്റെ എഴുത്തിന് പകരം വെക്കാനാവുന്ന മറ്റൊരു മാതൃക മലയാളത്തിലില്ല'- എൻ എസ് മാധവൻ
കപടസദാചാരത്തെ തുറന്നു കാണിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹമെന്ന് സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രതികരിച്ചു. 'അദ്ദേഹത്തിന്റെ സാമിപ്യം നമുക്ക് സന്തോഷം ഉണ്ടാക്കും. ആധുനികതയുടെ കാലത്തുള്ള എല്ലാ രീതികളെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. നാടിന്റെ പച്ചപ്പിനെ അതുപോലെ വരച്ച് കാണിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.' - രാമനുണ്ണി പറഞ്ഞു.
സ്വന്തം സഹോദരന്‍ വിട പറയുന്നത് പോലെയാണ് പുനത്തിലിന്റെ വേര്‍പാടിനെ കാണുന്നതെന്ന് എഴുത്തുകാരൻ വൈശാഖന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കഥകളിലൂടെ ശക്തമായ രീതിയിൽ വായനക്കാരിൽ വൈകാരികമായ പ്രതികരണങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചുവെന്നും വൈശാഖൻ പറയുന്നു.