എതിര്‍പ്പുമായി കെപിസിസി, കാര്‍ വേണ്ടെന്ന് എംപി; വെട്ടിലായതോടെ പിരിച്ചെടുത്ത തുക മടക്കി നല്‍കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (19:20 IST)
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെ പിരിവിലൂടെ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് രമ്യ ഹരിദാസ് എംപി പിന്‍വാങ്ങിയതോടെ വെട്ടിലായി യൂത്ത് കോൺഗ്രസ്.  

തനിക്ക് കാര്‍ വേണ്ടെന്ന് എം പി അറിയിച്ചതോടെ വാഹനം വാങ്ങേണ്ടതില്ലെന്നും ഇതുവരെ പിരിച്ചെടുത്ത തുക മടക്കി നല്‍കാനും യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 6.13 ലക്ഷം രൂപയാണ് സംഭാവന നല്‍കിയവര്‍ക്ക് മടക്കി നല്‍കുക.

കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ആദ്യം അനുകൂല നിലപാട് സ്വീകരിച്ച രമ്യ ഹരിദാസ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എതിര്‍പ്പുമായി കെപിസിസി അധ്യക്ഷന്‍
നേരിട്ട് രംഗത്ത് എത്തിയതോടെയാണ് എംപിയുടെ മനസ് മാറിയത്.

പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് കെപിസിസി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്നാണ് രമ്യ ഫേസ്‌ബുക്കില്‍ കുറിച്ചത്. ഇതോടെ രസീത് അടിച്ച് പണപ്പിരിവ് നടത്തിയ യൂത്ത് കോൺഗ്രസ് സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് പിരിച്ചെടുത്ത പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article