യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്ത് കാര്‍ വാങ്ങിത്തരുന്നതിനെന്താണ്? ഞാൻ സന്തോഷത്തോട് കൂടെ സ്വീകരിക്കും. അതിൽ എന്താണ് തെറ്റെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ രമ്യ ഹരിദാസ് ചോദിച്ചത്. എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശം വന്നതോടെ പ്ലേറ്റ് മറിച്ച് കാർ വേണ്ടെന്ന നിലപാടിലാണ് എം പി ഇപ്പോൾ.
എംപിക്ക് കാര്‍ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രമ്യയ്ക്ക് കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്.
എംപിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും ലഭിക്കുമ്പോള്‍ പണം പിരിച്ച് വാഹനം വാങ്ങുന്നതിനെയാണ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്. എംപിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ ദേശസാല്‍ക്കൃത ബാങ്കുകള്‍ വാഹനവായ്പ നല്‍കാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരില്‍നിന്ന് പണം പിരിച്ച് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.