വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയനും മകന്‍ ജിജേഷും ജീവനൊടുക്കിയതിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരിക്കുകയാണ്. മുന്‍ ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ, ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ തുടങ്ങിയവര്‍ തട്ടിയെടുത്ത പണത്തിന്റെയും പാര്‍ട്ടിക്കു വേണ്ടി ഏറ്റെടുക്കേണ്ടി വന്ന ലക്ഷങ്ങളുടെ കടബാധ്യതയുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്.
ആത്മഹത്യ ചെയ്ത വിജയന്റെ മകന്‍ വിജേഷ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും മരണക്കുറിപ്പ് എത്തിച്ചു നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്ള ഈ ആത്മഹത്യാക്കുറിപ്പ് കണ്ടില്ലെന്നു നടിക്കുകയാണ് ഇരുവരും ചെയ്തത്. മരണക്കുറിപ്പ് കിട്ടിയിട്ടും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ചെറുവിരല്‍ അനക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മരണക്കുറിപ്പ് കുടുംബം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കത്ത് കിട്ടിയെന്നും ഇതുവരെ വായിച്ചു നോക്കിയിട്ടില്ലെന്നുമാണ് കെ.സുധാകരന്‍ ഇന്നലെ പ്രതികരിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാകണമെന്നില്ലല്ലോ എന്നാണ് സുധാകരന്‍ ഇന്ന് പറഞ്ഞത്. ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവിനെ പരിഹസിക്കുന്ന തരത്തിലാണ് സുധാകരന്റെ ഇപ്പോഴത്തെ പ്രതികരണം.
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വലിയ ഉത്സാഹം കാണിച്ച നേതാക്കളാണ് സുധാകരനും സതീശനും. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ നേതാവ് ആത്മഹത്യ ചെയ്തതിനു കാരണം ഒരു കോണ്‍ഗ്രസ് എംഎല്‍എ ആണെന്നു അറിഞ്ഞിട്ടും സുധാകരന്‍ അതിനെ ലളിതമായി കാണുകയാണ്. ദിവ്യയ്‌ക്കെതിരെ നടത്തിയ പരിഹാസങ്ങളും വിമര്‍ശനങ്ങളും കോണ്‍ഗ്രസിനെ തന്നെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയാണ് ഡിസിസി ട്രഷറുടെയും മകന്റെയും ആത്മഹത്യയ്ക്കു പിന്നാലെ കാണുന്നത്.