വിപ്ലവ സൂര്യൻ, മുൻ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന് ഇന്ന് 101മത്തെ പിറന്നാൾ

അഭിറാം മനോഹർ
ഞായര്‍, 20 ഒക്‌ടോബര്‍ 2024 (08:34 IST)
VS Achuthanandan
രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ മുന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന് ഇന്ന് 101മത്തെ പിറന്നാള്‍. തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ അരുണ്‍ കുമാറിന്റെ വീട്ടില്‍ പൂര്‍ണവിശ്രമജീവിതത്തിലാണ് വി എസ് ഇപ്പോള്‍.
 
 നിലവില്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് മാറി പൂര്‍ണവിശ്രമത്തിലാണെങ്കിലും വി എസ് ചുറ്റും നടക്കുന്ന കാര്യങ്ങളെല്ലാം കൃത്യമായി അറിയുന്നുണ്ടെന്ന് മകന്‍ വി എ അരുണ്‍കുമാര്‍ പറയുന്നു. രാവിലെ വീല്‍ ചെയറിലിരുത്തി ഒരു മണിക്കൂറോളം പത്രം വായിച്ചു കേള്‍പ്പിക്കും. വൈകീട്ട് ടിവിയില്‍ വാര്‍ത്ത കേള്‍ക്കും. അദ്ദേഹം എല്ലാം മനസിലാക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ ബോധ്യം അരുണ്‍ പറയുന്നു. പിറന്നാളുകള്‍ ആഘോഷിക്കാറില്ലെങ്കിലും ഞായറാഴ്ച ഭാര്യ വസുമതിയുടെയും അരുണ്‍കുമാറിനുമൊപ്പം കേക്ക് മുറിക്കും. പിറന്നാള്‍ ആഘോഷിക്കാനായി മകള്‍ ആശയും കുടുംബവും എത്തും. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.
 
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി,പോളിറ്റ് ബ്യൂറോ അംഗം,എല്‍ഡിഎഫ് കണ്‍വീനര്‍ എന്നിങ്ങനെ നിരവധി പദവികളാണ് ഇടതുരാഷ്ട്രീയത്തില്‍ വി എസ് വഹിച്ചത്. 1964 ഏപ്രിലില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ആശയഭിന്നതയുടെ പേരില്‍ ഇറങ്ങിപോന്ന 32 സഖാക്കളില്‍ ഒരാള്‍. പിന്നീട് അവരുടെ നേതൃത്വത്തില്‍ ആന്ധ്രയിലെ തെനാലിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനാണ് സിപിഎം രൂപീകരണത്തിന് നാന്ദി കുറിച്ചത്. നാല് വര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതത്തോടെയാണ് വി എസ് പൂര്‍ണമായും വിശ്രമജീവിതത്തിലേക്ക് മാറിയത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ച് സന്ദര്‍ശക വിലക്കുണ്ടെങ്കിലും ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ അശംസകള്‍ നേരാന്‍ വിഎസിന്റെ വീട്ടിലെത്തും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article